ബാറ്ററിയില്‍ ഓടുന്ന ‘മൈക്രോബസു’മായി വരുന്നു ഫോക്‌സ്‌വാഗന്‍

വൈദ്യുത വാഹന വിഭാഗത്തിന്റെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ബാറ്ററിയില്‍ ഓടുന്ന മൈക്രോബസുമായി ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്‍ വരുന്നു.

ക്യാംപര്‍ വാനായ ‘മൈക്രോബസ്’ വൈദ്യുത പതിപ്പിന്റെ നിര്‍മാണവുമായി മുന്നോട്ടു പോവാന്‍ കമ്പനി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

‘ഐ ഡി ബസ്’ എന്ന പേരിടുന്ന വൈദ്യുത വാന്‍ 2022ല്‍ വില്‍പ്പനയ്ക്കു സജ്ജമാവുമെന്നാണു പ്രതീക്ഷിക്കുന്നത്. തുടക്കത്തില്‍ നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ചൈന എന്നീ രാജ്യങ്ങളിലാവും ഈ വാന്‍ വില്‍പ്പനയ്‌ക്കെത്തുക. പിന്നീട് ഇതേ വാനിന്റെ ചരക്കുനീക്കത്തിനുള്ള പതിപ്പും കമ്പനി പുറത്തിറക്കും.

microbus-1

ഡെട്രോയ്റ്റിലെയും ജനീവയിലെയും വാഹന പ്രദര്‍ശനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പ്രസന്റേഷനുകള്‍ നടത്തിയതോടെ ഉപയോക്താക്കളില്‍ നിന്ന് ധാരാളം കത്തുകളും ഇ മെയിലുകളും ലഭിച്ചതായി ഫോക്‌സ്‌വാഗന്‍ ബ്രാന്‍ഡ് മേധാവി ഹെര്‍ബര്‍ട്ട് ഡയസ് അറിയിച്ചു. ഈ വാഹനം നിര്‍മിക്കുക തന്നെ വേണമെന്നായിരുന്നു വാഹന പ്രേമികളുടെ നിലപാടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ജര്‍മനിയില്‍ ‘ബുള്ളി’ എന്ന പേരില്‍ അറിയിപ്പെടുമെന്നു കരുതുന്ന വൈദ്യുത ‘മൈക്രോബസ്’ കഴിഞ്ഞ ജനുവരിയില്‍ ഡെട്രോയ്റ്റ് ഓട്ടോഷോയിലാണു ഫോക്‌സ്‌വാഗന്‍ പ്രഖ്യാപിച്ചത്.

Top