ഇന്ത്യ- ചൈന ചർച്ച പുനരാരംഭിക്കുന്നു; 16ാം റൗണ്ട് ‍ഞായറാഴ്ച ചുഷൂലിൽ

ഡൽഹി: നിർത്തിവച്ചിരുന്ന ഇന്ത്യ- ചൈന കമാൻഡർതല ചർച്ച പുനരാരംഭിക്കുന്നു. ഈ മാസം 17നാണ് ചർച്ച പുനരാരംഭിക്കുന്നത്. അതിർത്തിയിൽ ഇന്ത്യൻ ഭാഗത്തുള്ള ചുഷൂലിൽ വച്ചാണ് 16ാം റൗണ്ട് ചർച്ചകൾ. ലഫ്റ്റനന്റ് ജനറൽ സെൻഗുപ്തയാകും ഇന്ത്യൻ സംഘത്തെ നയിക്കുക.

അതിർത്തി തർക്കം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ഇന്ത്യ ചർച്ചയിൽ ആവശ്യപ്പെടും. നേർക്കുനേർ നിൽക്കുന്ന സ്ഥലങ്ങളിൽ നിന്ന് പഴയ അവസ്ഥയിലേക്കുള്ള പിന്മാറ്റമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇന്ത്യ- ചൈനീസ് വിദേശകാര്യ മന്ത്രിമാർ ജി 20 ഉച്ചകോടിക്കിടെ കണ്ടപ്പോഴാണ് കമാൻഡർതല ചർച്ച വീണ്ടും ആരംഭിക്കാൻ തീരുമാനമെടുത്തത്.

2020 മെയ് അഞ്ച് മുതലാണ് കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ സേനയും ചൈനീസ് സേനയും നേർക്കുനേർ നിന്ന് തർക്കം ആരംഭിച്ചത്. ജൂൺ 15നാണ് ഇരു ഭാഗത്തും ആൾനാശമുണ്ടായ ഗൽവാൻ സംഘർഷവുമുണ്ടായത്.

Top