യുപിഐ ഐഡി മാത്രം ഉപയോഗിച്ച് റീചാര്‍ജ്; പുതിയ സേവനവുമായി വോഡഫോണ്‍-ഐഡിയ

കൊച്ചി: യുപിഐ ഐഡി മാത്രം ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാനുള്ള സേവനവുമായി വോഡഫോണ്‍-ഐഡിയ. പേടിഎമ്മുമായി സഹകരിച്ചാണ് വോഡഫോണ്‍-ഐഡിയ ഈ സേവനം രാജ്യവ്യാപകമായി അവതരിപ്പിക്കുന്നത്.

*99# എന്ന യുഎസ്എസ്ഡി ചാനല്‍ വഴി ഈ സേവനം ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം. ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന നിരവധി പേര്‍ക്ക് ഇതിലൂടെ കടകള്‍ സന്ദര്‍ശിക്കാതെ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നു.മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ക്കും പേടിഎം ഉപയോക്താക്കളല്ലാത്തവര്‍ക്കും എളുപ്പത്തില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

തങ്ങളുടെ ഉപഭോക്താക്കളെ എല്ലായ്‌പ്പോഴും കണക്ടഡായും സുരക്ഷിതരായും തുടരാന്‍ സഹായിക്കുകയാണ് ലക്ഷ്യമെന്ന് വോഡഫോണ്‍ ഐഡിയ വിപണന വിഭാഗം ഡയറക്ടര്‍ അവ്‌നീഷ് ഖോസ്ല പറഞ്ഞു. ഡിജിറ്റലായി കണക്ടഡ് അല്ലാത്ത നിരവധി ഉപഭോക്താക്കളെ സഹായിക്കുന്നതാണ് പേടിഎമ്മുമായുള്ള ഈ സഹകരണമെന്നും മൊബൈല്‍ ഇന്റര്‍നെറ്റോ ആപ്പോ ഇല്ലാതെ റീചാര്‍ജ് ചെയ്യാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വോഡഫോണ്‍ -ഐഡിയ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍,ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ റീചാര്‍ജ് ചെയ്യാനുള്ള സൗകര്യങ്ങളും നിലവിലുണ്ട്.

Top