ഇനി മുതൽ വൊഡഫോണും ഐഡിയയും ഇല്ല; പകരം ‘വിഐ’

കൊച്ചി : ഉപഭോക്താക്കൾക്ക് പുത്തൻ പ്രതീക്ഷയേകാൻ ‘വിഐ’ വരുന്നു. ലോകത്തിലെ ഏറ്റവും വലിയ ടെലികോം ബ്രാന്‍ഡ് സംയോജനത്തിലൂടെ ഇനി വൊഡഫോണും ഐഡിയയും ഒറ്റ കമ്പനിയാകുന്നു. ‘വിഐ’ എന്ന ഏകീകൃത ബ്രാന്‍ഡ് ആയി മാറുകയാണ് വൊഡഫോണും ഐഡിയയും. നാളേയ്ക്കായി ഒരുമിച്ച് എന്ന ആശയത്തോടെയാണ് ഈ ബ്രാന്‍ഡുകള്‍ തങ്ങളുടെ സംയോജന പ്രക്രിയ പൂര്‍ത്തിയാക്കിയത്.

ലോകോത്തര നിലവാരത്തോടെ ഏറ്റവും വലിയ സ്‌പെക്ട്രം, 5ജി നടപ്പാക്കാന്‍ തയ്യാറായ സാങ്കേതികവിദ്യ, മുംബൈയും ഡല്‍ഹിയും അടക്കം പല മേഖലകളിലേയും ഏറ്റവും വേഗതയേറിയ 4ജി സേവനം തുടങ്ങിയവയും വി ബ്രാന്‍ഡിനു സ്വന്തമാണ്. ഇതോടുകൂടി ബ്രാന്‍ഡിന്റെ 4ജി കവറേജ് നൂറു കോടിയോടടുത്ത് ഇന്ത്യക്കാരിലേക്ക് വിപുലമാകുകയാണ്.

തങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതത്തിന് പ്രധാനപ്പെട്ട അര്‍ത്ഥം നല്‍കുന്നതായിരിക്കും വിഐ ബ്രാന്‍ഡ് എന്ന് വോഡഫോണ്‍ ഐഡിയ മാനേജിങ് ഡയറക്ടറും സിഇഒയുമായ രവീന്ദര്‍ തക്കര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ടെലികോം ബ്രാന്‍ഡ് സംയോജനം മാത്രമല്ല ഇതിലൂടെ നടക്കുന്നത്. നൂറു കോടി ഇന്ത്യക്കാര്‍ക്ക് ലോകോത്തര ഡിജിറ്റല്‍ അനുഭവങ്ങളിലൂടെ അവരുടെ ഭാവിയിലേക്കുള്ള യാത്ര കൂടിയാണ് ഇതിലൂടെ ഉറപ്പാക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് ഭാവിയിലേക്കു മാറാന്‍ സാധിക്കുന്ന ശൃംഖലയാണ് തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റല്‍ വിപ്ലവത്തിലൂടെയുള്ള ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ യാത്ര സുഗമമാക്കാനും മികച്ചൊരു ഭാവി കെട്ടിപ്പടുക്കാനും വിഐ പ്രതിജ്ഞാബദ്ധമാണെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റേയും വോഡഫോണ്‍ ഐഡിയയുടേയും ചെയര്‍മാനായ കുമാര്‍ മംഗളം ബിര്‍ള പറഞ്ഞു.

വിഐ വരുന്നതോടെ ഇന്ത്യയിലെ ജനങ്ങള്‍ക്കും ബിസിനസിനും കൂടുതല്‍ മികച്ച നെറ്റ്‌വര്‍ക്ക് നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വോഡഫോണ്‍ ഗ്രൂപ്പിന്റെ സിഇഒ നിക് റീഡ് വ്യക്തമാക്കി. മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുവാനായുള്ള യാത്രയിലേക്ക് എല്ലാവരെയും ക്ഷണിക്കുകയാണെന്ന് വോഡഫോണ്‍ ഐഡിയയുടെ ചീഫ് ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ആന്റ് ബ്രാന്‍ഡ് ഓഫീസര്‍ കവിതാ നായര്‍ പറഞ്ഞു.

Top