സുധീര പ്രഹരത്തിൽ ഞെട്ടി വെള്ളാപ്പള്ളി, സി.പി.എമ്മിനും സമുദായ നേതാവ് ‘പാര’

സ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സിപിഎമ്മിന് തലവേദനയാകുന്നു. വെള്ളാപ്പള്ളി ബി.ജെ.പി- സി.പി.എം ബന്ധത്തിന്റെ കണ്ണിയെന്ന് വി.എം സുധീരനും സുധീരന്‍ കോണ്‍ഗ്രസിന്റെ അന്തകനെന്ന് വെള്ളാപ്പള്ളിയും വാക്പോര് തുടങ്ങിയതോടെ ആലപ്പുഴയില്‍ വെട്ടിലാകുന്നത് സി.പി.എം നേതൃത്വമാണ്. സുധീരനെ തോല്‍പ്പിക്കണമെന്ന് വെള്ളാപ്പള്ളി പരസ്യമായി ആഹ്വാനം ചെയ്തിട്ടും എസ്.എന്‍.ഡി.പിയുടെ ശക്തികേന്ദ്രമായ ആലപ്പുഴയില്‍ നിന്നും നാലു തവണ കോണ്‍ഗ്രസ് എം.പിയായ നേതാവാണ് സുധീരന്‍.

ഈഴവ സമുദായാംഗമായ സുധീരന്‍ വെള്ളാപ്പള്ളിക്കെതിരെ പോരടിച്ചപ്പോഴെല്ലാം ആലപ്പുഴയിലെ ഈഴവ ജനവിഭാഗത്തിന്റെ പിന്തുണ സുധീരനായിരുന്നു. വിശ്വാസ്യത നഷ്ടപ്പെട്ടയാളുടെ വിലാപമാണ് വെള്ളാപ്പള്ളിയുടേത് എന്നായിരുന്നു സുധീരന്റെ കടന്നാക്രമണം. ബി.ജെ.പി- സി.പി.എം ബന്ധത്തിന്റെ കണ്ണിയെന്നും അദ്ദേഹം ആഞ്ഞടിച്ചു.

വെള്ളാപ്പള്ളിക്കെതിരായ സുധീരന്റെ വിമര്‍ശനത്തില്‍ പ്രതിഷേധിച്ച് വാര്‍ത്താസമ്മേളന വേദിയില്‍ നിന്നിറങ്ങിപ്പോയ കോണ്‍ഗ്രസ് നേതാവും എസ്.എന്‍ ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗവുമായ ഡി. സുഗതനെതിരെയും സുധീരന്‍ പൊട്ടിത്തെറിച്ചിരുന്നു. കോണ്‍ഗ്രസില്‍ ചില യൂദാസുകളുണ്ടെന്നും അവരാണ് ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും സഹായിക്കുന്നതെന്നുമായിരുന്നു സുധീരന്റെ പ്രതികരണം.

സുധീരന്‍ കോണ്‍ഗ്രസിന്റെ അന്തകനാണെന്നും സുധീരന്റെ വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ മതിയെന്നും എസ്.എന്‍.ഡി.പി യോഗത്തെ ഗുണദോഷിക്കേണ്ടെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ തിരിച്ചടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി ബി.ജെപിയുമായി സഖ്യം ചേര്‍ന്നു മത്സരിച്ച സാഹചര്യത്തില്‍ സുധീരന്റെ ആരോപണത്തെ എങ്ങിനെ പ്രതിരോധിക്കണമെന്ന ആശങ്കയിലാണ് സി.പി.എം നേതൃത്വം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിക്കെതിരെ ശക്തമായ കടന്നാക്രമണമാണ് പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നടത്തിയിരുന്നത്. പഴയ ഈ പ്രതികരണങ്ങളെല്ലാം വീണ്ടും കുത്തി പൊക്കി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കിയിരിക്കുകയാണ് പ്രതിപക്ഷം.

പണ്ടത്തെ എതിര്‍പ്പുകള്‍ മറന്ന് വെള്ളാപ്പള്ളിയുമായി സൗഹൃദത്തിലാണിപ്പോള്‍ സി.പി.എം. വെള്ളാപ്പള്ളിയുടെ മകന്‍ ആവട്ടെ ബി.ജെ.പി സഖ്യത്തില്‍ തൃശൂരില്‍ മത്സരിക്കുകയും ചെയ്യുന്നു. സി.പി.എമ്മിന്റെ കോ-ലീ-ബി ആരോപണത്തെ വെള്ളാപ്പള്ളിയുടെ സി.പി.എം- ബി.ജെ.പി ബന്ധമുയര്‍ത്തിയാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. സുധീരന്റെ പിന്‍ഗാമിയായെത്തിയ കെ.സി വേണുഗോപാലിന്റെ സിറ്റിങ് സീറ്റായ ആലപ്പുഴ തിരിച്ചുപിടിക്കാനാണ് എ.എ ആരിഫ് എം.എല്‍.എയെ സി.പി.എം സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. കെ.സി വേണുഗോപാലിനു പകരം ഷാനിമോള്‍ ഉസ്മാനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

ആരിഫ് പരാജയപ്പെട്ടാല്‍ തലമൊട്ടയടിച്ച് കാശിക്ക്പോകുമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന വിവാദമായിരുന്നു. വെള്ളാപ്പള്ളിയെ ആലപ്പുഴയിലെ ഈഴവ സമുദായം കാശിക്ക് പറഞ്ഞയക്കുമെന്ന് കോണ്‍ഗ്രസും തിരിച്ചടിച്ചു. ഇതോടെ താന്‍ തമാശപറഞ്ഞതാണെന്ന വിശദീകരണവുമായി വെള്ളാപ്പള്ളി വീണ്ടും രംഗത്തെത്തി.വെള്ളാപ്പള്ളിയുടെ വസതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സന്ദര്‍ശനം നടത്തിയിരുന്നു. വെള്ളാപ്പള്ളി പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചുള്ള നിര്‍മ്മാണങ്ങളുടെ ഉദ്ഘാടനത്തിനും മുഖ്യമന്ത്രിയും മന്ത്രിപ്പടയും എത്തി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കുമൊപ്പം സഖ്യമായി നിന്ന വെള്ളാപ്പള്ളിയെ സി.പി.എം നേതൃത്വം ഒപ്പം നിര്‍ത്തുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അതൃപ്തി പുകയുന്നുണ്ട്. വനിതാമതിലിന്റെ മുഖ്യസംഘാടകനായ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും മതിലിനു ശേഷം സര്‍ക്കാര്‍ വഞ്ചിച്ചെന്ന് മലക്കം മറിഞ്ഞിരുന്നു. ഇതും സിപിഎം അണികളപ്രകോപിപ്പിച്ച സംഭവമാണ്.കേന്ദ്രത്തില്‍ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ മകനോടൊപ്പം വെള്ളാപ്പള്ളിയും ബി.ജെ.പി ക്യാമ്പിലേക്കുപോകുമെന്ന ആശങ്കയും സി.പി.എം നേതൃത്വത്തിലെ പ്രബല വിഭാഗത്തിനുണ്ട്.

വെള്ളാപ്പള്ളിയെ വിമര്‍ശിക്കുന്ന സുധീരന് വമ്പന്‍ കൈയ്യടി ലഭിക്കുന്നതും സി.പി.എമ്മിനെ കുഴക്കുകയാണ്. വിജയം പ്രതീക്ഷിച്ച ആലപ്പുഴയില്‍ സുധീരന്‍- വെള്ളാപ്പള്ളിപ്പോര്, വെള്ളാപ്പള്ളിയോട് എതിരുള്ളവരുടെ വോട്ടും കോണ്‍ഗ്രസിന് അനുകൂലമാകുമെന്ന അവസ്ഥയാണ് ഇപ്പോഴുണ്ടാക്കിയിരിക്കുന്നത്.

Top