vm sudheeran’s statement about sukesan

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് എസ്.പി ആര്‍.സുകേശന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.

ബാര്‍ കേസിന്റെ തുടരന്വേഷണം സുകേശനെ ഏല്‍പിക്കാതിരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോവും. എന്നാല്‍, ഒരേ കേസില്‍ പലതവണ തിരിച്ചും മറിച്ചും അഭിപ്രായങ്ങള്‍ പറഞ്ഞ ഉദ്യോഗസ്ഥനാണ് സുകേശന്‍.

അദ്ദേഹം തന്നെ ഇനി ഈ കേസില്‍ തുടരന്വേഷണം നടത്തുന്നത് ശരിയല്ല. അതിനാല്‍ ജനങ്ങള്‍ക്ക് കൂടി ബോദ്ധ്യപ്പെടുന്ന തരത്തിലുള്ള അന്വേഷണം വേണം. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അപ്പുറം സത്യസന്ധമായ അന്വേഷണമാണ് വേണ്ടതെന്നും സുധീരന്‍ പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടതിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാണിയുമായി പ്രശ്‌നാധിഷ്ഠിത സഹകരണത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, മാണി ഇത് തള്ളി. അതിനുശേഷമാണ് സുകേശന്‍ ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത്.

ഇക്കാര്യവും ഈ സാഹചര്യത്തില്‍ കാണാതിരിക്കരുതെന്നും സുധീരന്‍ പറഞ്ഞു. മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയോ ഇല്ലയോ എന്നതല്ല ഇപ്പോഴത്തെ വിഷയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top