ക്ഷണിച്ചു വരുത്തിയ ഏജന്‍സികളെ പിണറായി തന്നെ വിരട്ടുന്നത് പരിഹാസ്യമെന്ന് സുധീരന്‍

vm sudheeran

തിരുവനന്തപുരം: വിവിധ കേസുകളില്‍ എം.ശിവശങ്കറിനെതിരേ നടക്കുന്ന അന്വേഷണം തന്നിലേക്ക് എത്തുമോയെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍. മുഖ്യമന്ത്രി വിളിച്ചുവരുത്തിയ അന്വേഷണ ഏജന്‍സികളെ അദ്ദേഹം തന്നെ വിരട്ടുന്നത് പരിഹാസ്യമാണെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

താന്‍ തന്നെ ക്ഷണിച്ചുവരുത്തിയ കേന്ദ്ര അന്വേഷണ ഏജന്‍സികളെ വിരട്ടുന്ന ബഹു മുഖ്യമന്ത്രി പിണറായിയുടെ അവസ്ഥ പരിഹാസ്യമാണ്; പരിതാപകരവുമാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന അധികാരപദവി തീര്‍ത്തും ദുരുപയോഗപ്പെടുത്തി ശിവശങ്കര്‍ നടത്തിയ ദുഷ്‌ചെയ്തികളിലേക്കുള്ള അന്വേഷണം തന്നിലേക്ക് എത്തുമെന്ന ഭയാശങ്കകളുടെ പ്രതിഫലനമായിട്ടേ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രതികരണത്തെ കാണാനാകൂ.

മുഖ്യമന്ത്രി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനു നല്‍കിയ അതിരുവിട്ട സ്വാതന്ത്ര്യവും അന്ധമായ പിന്തുണയും ദുര്‍വിനിയോഗം ചെയ്ത് ശിവശങ്കര്‍ നടത്തിയ ‘വിളയാട്ടത്തെ’ കുറിച്ച് അജ്ഞത നടിക്കുന്ന മുഖ്യമന്ത്രി കേരളം കണ്ട ഏറ്റവും പരാജിതനായ ഭരണാധികാരിയാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിപദത്തില്‍ അദ്ദേഹം തുടരുന്നത് ജനാധിപത്യ കേരളത്തിന് അപമാനകരമാണ്. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിക്കുംതോറും പിണറായിയുടെ നില കൂടുതല്‍ കൂടുതല്‍ പരുങ്ങലിലാകും. തീര്‍ച്ച.

Top