vm sudheeran – umman chandy – udf

തിരുവനന്തപുരം: കോണ്‍ഗ്രസിലെ വി എം സുധീരന്‍ഉമ്മന്‍ചാണ്ടി തര്‍ക്കം ആത്യന്തികമായി തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഗുണം ചെയ്യുമെന്ന പ്രതീക്ഷയില്‍ ഘടക കക്ഷികള്‍.

സീറ്റ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട സുധീരന്‍ഉമ്മന്‍ചാണ്ടി തര്‍ക്കത്തെ 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലുണ്ടായ വ്ിഎസ്പിണറായി തര്‍ക്കത്തിന് സമാനമായാണ് മുസ്ലിംലീഗ്‌കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ വിലയിരുത്തന്നത്.

സിപിഎം ല്‍ രൂക്ഷമായ അഭിപ്രായഭിന്നത ഉണ്ടായ 2006 ല്‍ ഇടതുപക്ഷത്തിന് അധികാരത്തില്‍ വരാന്‍ കഴിഞ്ഞതിനും 2011 ലെ തിരഞ്ഞെടുപ്പില്‍ വിജയത്തിനൊപ്പം എത്താന്‍ കഴിഞ്ഞതും രണ്ട് വ്യത്യസ്ത നിലപാടുകളോടെ പരസ്പരം ഏറ്റുമുട്ടിയ വിഎസും പിണറായിയും തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത് കൊണ്ടാണെന്നാണ് വിലയിരുത്തല്‍.

രാഷ്ട്രീയ എതിരാളികള്‍ക്ക് വിമര്‍ശിക്കാന്‍ ഇടം നല്‍കാത്ത വിധത്തില്‍ പാര്‍ട്ടികകത്തും ഭരണത്തിലും ‘പ്രതിപക്ഷനേതാവിന്റെ’ റോളെടുത്ത വിഎസിന്റെ മാതൃകയിലാണ് ഇപ്പോഴത്തെ വിഎം സുധീരന്റെ പോക്കെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

വിഎസിനെ നായകനായും പിണറായിയെ വില്ലനായും ചിത്രീകരിച്ചവര്‍ ഇപ്പോള്‍ അത് യഥാക്രമം വി എം സുധീരനെ അഴിമതി വിരുദ്ധപോരാളിയായും മുഖ്യമന്ത്രിയെയും സംഘത്തെയും വില്ലന്‍ന്മാരുമായാണ്ചിത്രീകരിക്കുന്നത്.

വിഎസ് ഏറ്റുമുട്ടലിന്റെ പാതയില്‍ പോയ കാലഘട്ടത്തില്‍ ഒന്നുകില്‍ മുഖ്യമന്ത്രിയോ പ്രതിപക്ഷനേതാവോ ആയിരുന്നു. എതിരാളിയാവട്ടെ പാര്‍ട്ടി സെക്രട്ടറിയും. ഇവിടെ പാര്‍ട്ടി പ്രസിഡന്റിനെ നായകനും മുഖ്യമന്ത്രിയെ വില്ലനാക്കിയുമാണ് പ്രചരണം.

ഇതോടെ രണ്ട് പക്ഷത്തായി കേന്ദ്രീകരിക്കപ്പെട്ട ജനങ്ങളുടെ മനസ്സ് രണ്ട് പേരും തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ട് രംഗത്തിറങ്ങുന്നതോടെ യുഡിഎഫിന് അനുകൂലമായിക്കൊള്ളുമെന്നാണ് ഭരണപക്ഷത്തിന്റെ കണക്കുകൂട്ടല്‍.

യുഡിഎഫ് പ്രചരണം മുഖ്യമന്ത്രിയും സുധീരനും ചെന്നിത്തലയും ഒറ്റക്കെട്ടായി നയിക്കണമെന്നാണ് ഹൈക്കമാന്റ് നിര്‍ദ്ദേശമെങ്കിലും ഇപ്പോള്‍ സുധീരന് പൊതുസമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്ത് യുഡിഎഫ് യോഗങ്ങളില്‍ സുധീരന്റെ ഡിമാന്റ് കൂടിയിരിക്കുകയാണ്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിന്തുണച്ച് ഹൈക്കമാന്റിനെ വിളിച്ച ലീഗ് നേതൃത്വം ഇതിനകം തന്നെ സുധീരനെ തങ്ങളുടെ മണ്ഡലങ്ങളില്‍ പരമാവധി ഇടങ്ങളില്‍ പങ്കെടുപ്പിക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

Top