രാഷ്ട്രീയ പാർട്ടികൾ സാമ്പത്തിക ശക്തികൾക്ക് കീഴടങ്ങുന്നത് ദുഷ്പ്രവണതയെന്ന് വി എം സുധീരൻ

തിരുവനന്തപുരം : കർത്തയുടെ പണം പറ്റിയതിൽ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരൻ. സാമ്പത്തിക ശക്തികൾക്ക് രാഷ്ട്രീയ പാർട്ടികൾ കീഴടങ്ങുന്നത് ദുഷ്പ്രവണതയാണെന്ന് വി എം സുധീരൻ വിമര്‍ശിച്ചു. മുതലാളിമാർക്ക് വേണ്ടി എന്തും ചെയ്ത് കൊടുക്കാമെന്ന് തീരുമാനിക്കുന്നത് ജനാധിപത്യത്തിന്റെ അന്ത്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സമ്പത്ത് ഉണ്ടെങ്കിൽ ആരെയും വിലക്ക് വാങ്ങാമെന്ന സാഹചര്യമാണ്. സമൂഹത്തിന് ദോഷകരമായി ബാധിക്കാവുന്ന ആളുകളിൽ നിന്ന് പണം വാങ്ങുന്നത് തെറ്റാണ്. തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഭരണാധികാരികളെയും രാഷ്ട്രീയക്കാരെയും ചിലർ സ്വാധീനിക്കുന്നുണ്ട്. ദുഃസ്വാധീനങ്ങൾക്ക് ജനാധിപത്യം അടിമപ്പെടരുത്. രാഷ്ട്രീയത്തെക്കുറിച്ച് ജനങ്ങൾക്ക് മതിപ്പ് കുറയുന്ന സാഹചര്യമാണെന്നും വി എം സുധീരൻ വിമര്‍ശിച്ചു. സത്യം പുറത്ത് വരാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയ വിഷയം സഭയിൽ ഉന്നയിക്കാത്ത പ്രതിപക്ഷ നിലപാടിനെ ചട്ടം പറഞ്ഞ് ന്യായീകരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സഭയിൽ പ്രതിപക്ഷം എന്ത് ഉന്നയിക്കണമെന്ന് മാധ്യമങ്ങൾ അല്ല തീരുമാനിക്കുന്നതെന്നും സതീശൻ പറഞ്ഞു. സംഭാവന വാങ്ങാൻ പാർട്ടി ചുമതലപ്പെടുത്തിയവർ ആയിരുന്നതിനാലാണ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സിഎംആർഎൽ കമ്പനി മേധാവികളിൽ നിന്ന് പണം വാങ്ങിയതെന്നും വി ഡി സതീശൻ ന്യായീകരിച്ചു. ശശിധരൻ കർത്ത കള്ളക്കടത്ത് നടത്തുന്നയാൾ അല്ല, നാട്ടിലെ ഒരു വ്യവസായി ആണ്. അങ്ങനെ ഒരാളിൽ നിന്ന് സംഭാവന വാങ്ങുന്നതിൽ എന്താണ് തെറ്റെന്നും സതീശൻ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

Top