‘സിദ്ധാര്‍ത്ഥന്റേത് കൊലപാതകം’; സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന് വി എം സുധീരന്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികരണവുമായി വി എം സുധീരന്‍. സിദ്ധാര്‍ത്ഥന്റേത് കൊലപാതകം തന്നെയാണെന്ന് സുധീന്‍ ആരോപിച്ചു. സംഭവത്തില്‍ ഡീനിന്റെ പങ്ക് വ്യക്തമാണ്. കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ എല്ലാവരും ശിക്ഷിക്കപ്പെടണം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. അന്വേഷണം അട്ടിമറിക്കപ്പെടുമോ എന്ന് ആശങ്കയുണ്ട്. കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടു. സിദ്ധാര്‍ത്ഥന്റെ വീട്ടിലെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കൊലപാതക സാധ്യതയെ പറ്റിയുള്ള അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. ഫൊറന്‍സിക് പരിശോധന ഫലം നിര്‍ണായകമാണ്. തൂങ്ങി മരിക്കാന്‍ ഉപയോഗിച്ച തുണി ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൃതദേഹം അഴിച്ചത് പ്രതികള്‍ ആണെന്നതിലും ദുരൂഹതയുണ്ട്. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

മുഖ്യ പ്രതി സിന്‍ജോ ജോണ്‍സണുമായി സര്‍വ്വകലാശാല ഹോസ്റ്റലില്‍ നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയിരുന്നു. സിദ്ധാര്‍ത്ഥനെ മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച ഗ്ലൂ ഗണ്ണിന്റെ ഇലക്ട്രിക് വയര്‍, ഒരു ചെരിപ്പ് എന്നിവയാണ് കണ്ടെത്തിയത്. സംഭവ സമയത്ത് സിന്‍ജോ ജോണ്‍സണ്‍ ഉപയോഗിച്ച ചെരിപ്പാണ് കണ്ടെത്തിയത്. പ്രതി ഇത് മുറിയില്‍ ഒളിപ്പിച്ച് വെച്ചതായിരുന്നു. ഹോസ്റ്റലിലെ മുപ്പത്തി ആറാം നമ്പര്‍ മുറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

Top