vm sudheeran – ragul gandi – a k antony

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ കടുത്ത നിലപാടിനെ തുടര്‍ന്ന് ആരോപണ വിധേയര്‍ക്ക് സീറ്റ് നല്‍കാനുള്ള ഹൈക്കമാന്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ സുധീരന്‍ രാജിക്കൊരുങ്ങി.

ഹൈക്കമാന്റിനോടുള്ള പ്രതിഷേധം കൊണ്ടല്ല മറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ മാറ്റി പറഞ്ഞ് പ്രചരണം നടത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ സുധീരന്‍ ഒരുങ്ങിയത്.

ഇക്കാര്യം ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്നതിന് മുന്‍പ് തന്നെ അദ്ദേഹം സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എ കെ ആന്റണി അടക്കമുള്ളവരോട് വ്യക്തമാക്കുകയായിരുന്നു.

എന്നാല്‍ ക്ഷുഭിതനായി തന്നെ രാഹുല്‍ ഈ നീക്കത്തെ നിരാകരിക്കുകയായിരുന്നുവത്രെ. തുടര്‍ന്ന് സോണിയാ ഗാന്ധിയും എ കെ ആന്റണിയും സുധീരനെ രാജിയില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.

ഇതേതുടര്‍ന്നാണ് ആരോപണ വിധേയര്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പ്രചരണത്തിന് പോവണോ എന്ന കാര്യത്തില്‍ സുധീരന് തന്നെ തീരുമാനമെടുക്കാമെന്ന ‘വിട്ടുവീഴ്ചക്ക്’ ഹൈക്കമാന്റ് തയ്യാറായത്.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വലിയരൂപത്തില്‍ പാര്‍ട്ടിയില്‍ അഴിച്ച് പണി നടത്താനും ഹൈക്കമാന്റിന് നീക്കമുണ്ട്.

തിരഞ്ഞെടുപ്പ് മറയാക്കി ഹൈക്കമാന്റിനെ സമ്മര്‍ദ്ദത്തിലാക്കിയ എഐ ഗ്രൂപ്പുകളുടെ നടപടിയില്‍ കടുത്ത അതൃപ്തിയാണ് ഹൈക്കമാന്റിനുള്ളത്.

തീരുമാനമെടുക്കുന്നതിന് മുന്‍പ് ലീഗ് കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യത്തില്‍ ഇടപെട്ടതും ഹൈക്കമാന്റിന് രസിച്ചിട്ടില്ല. ചില നേതാക്കള്‍ ഇടപെട്ടതിനാലാണ് മലപ്പുറത്തു നിന്ന വിളി വന്നതെന്നാണ് നേതൃത്വം കരുതുന്നത്.

ദേശീയതലത്തില്‍ വിജയം അനിവാര്യമായതിനാല്‍ വഴങ്ങിയെങ്കിലും സുധീരന്‍ സ്വീകരിച്ച നിലപാട് തന്നെയാണ് ശരിയെന്നാണ് രാഹുല്‍ ഗാന്ധിയുടെ വിലയിരുത്തല്‍.

ദേശീയതലത്തില്‍ പോലും ബിജെപിക്കും സിപിഎമ്മിനും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ ആരോപണവിധേയര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയത് വഴിമരുന്നിടുമെന്നതിനാല്‍ കടുത്ത അമര്‍ഷത്തിലാണ് രാഹുല്‍ ഗാന്ധിയെന്നാണ് സൂചന.

Top