vm sudheeran-oommen chandy-adoor prakash-karuna-estate-issue

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയെയും യു.ഡി.എഫിനെയും പ്രതിരോധത്തിലാക്കുന്ന നടപടി സ്വീകരിച്ച മന്ത്രി അടൂര്‍ പ്രകാശിനും അതിന് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ നിലപാട് കടുപ്പിക്കുന്നു.

വീണ്ടും അധികാരത്തില്‍ വരാനുള്ള സാധ്യത തല്ലിക്കെടുത്തുന്നതാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന നടപടികളെന്ന് ഹൈക്കമാന്റിനെ സുധീരന്‍ അറിയിച്ചതായാണ് സൂചന.

പാര്‍ട്ടിയെ നോക്കുകുത്തിയാക്കി ഏകപക്ഷീയമായി മുന്നോട്ട് പോവുന്ന സര്‍ക്കാര്‍ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് ‘കമ്മിറ്റ്‌മെന്റായി’ പോയെന്ന നിലപാടിലാണ് അദ്ദേഹം.

കഴിഞ്ഞ ദിവസം കരുണ എസ്റ്റേറ്റ് അടക്കമുള്ള വിവാദ വിഷയങ്ങളിലെ എല്ലാ തീരുമാനങ്ങളും പിന്‍വലിക്കണമെന്ന് കെ.പി.സി.സി നേതൃയോഗത്തില്‍ ആവശ്യപ്പെട്ട സുധീരന്റെ വാക്കുകളെ മുഖ്യമന്ത്രിയും റവന്യു മന്ത്രി അടക്കമുള്ളവരും അവഗണിച്ചതിലും അദ്ദേഹം രോഷാകുലനാണ്. ഇങ്ങനെ മുന്നോട്ട് പോവാന്‍ പറ്റില്ലെന്ന കടുത്ത നിലപാട് അദ്ദേഹം സോണിയാഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും അറിയിച്ചിട്ടുണ്ട്.

മന്ത്രിമാരുടെ ഭാഗത്ത് തെറ്റ് കണ്ടാല്‍ ഇനിയും തിരുത്തും. സര്‍ക്കാരിനെ നേര്‍വഴിക്ക് നയിക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കുണ്ട്. അനുസരിക്കാത്ത മന്ത്രിമാരെ നിലക്കു നിര്‍ത്തുമെന്നും സുധീരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

നെല്ലിയാമ്പതിയിലെ കരുണാ എസ്റ്റേറ്റിന്റെ 833 ഏക്കര്‍ ഭൂമിക്ക് കരുണയില്‍ നിന്ന് നികുതി സ്വീകരിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ കോടികളുടെ ഇടപാട് നടന്നുവെന്നാണ് സുധീരനെ അനുകൂലിക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കളും വിശ്വസിക്കുന്നത്.

കരുണയുടെ കയ്യിലുള്ള ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് തള്ളിയാണ് സ്വകാര്യ വ്യക്തിക്ക് കരം അടക്കാന്‍ റവന്യു വകുപ്പ് അനുമതി നല്‍കിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം കരുണയ്ക്ക് പതിച്ച് കൊടുക്കുന്നതിന് തുല്യമാണിത്. ഈ ഉത്തരവ് നിയമ സാധ്യതയില്ലെന്നതും ശ്രദ്ധേയമാണ്.

കരം അടക്കുന്നത് ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പാക്കുന്നതല്ല എന്നാണ് കരുണ എസ്റ്റേറ്റ് സംബന്ധിച്ച റവന്യു ഉത്തരവില്‍ പറയുന്നത്.

എന്നാല്‍ സര്‍ക്കാരും സ്വകാര്യ വ്യക്തിയോ കമ്പനിയോ തമ്മിലുള്ള ഭൂമി തര്‍ക്കങ്ങളില്‍ കരം വാങ്ങുന്നത് നിയമപരമായി സാധ്യമല്ല. 1961-ലെ ഭൂ നികുതി നിയമത്തിലെ ചട്ടം 2 ഇതാണ് സൂചിപ്പിക്കുന്നത്.

സുധീരന്റെ ഉടക്കിനെ തുടര്‍ന്ന് പകരം ഭേദഗതികളോടെ മറ്റൊരു ഉത്തരവിറക്കാന്‍ മന്ത്രിസഭാ യോഗം ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും വിവാദമായ കരുണ ഉത്തരവ് പിന്‍വലിക്കാത്തതിനാല്‍ ഇത് ജനങ്ങളെ വിഡ്ഡികളാക്കാനാണെന്നാണ് ആക്ഷേപം. കരുണ എസ്റ്റേറ്റിന് കരമടക്കാനുള്ള അനുമതി നിഷേധിക്കേണ്ടെന്നും കോടതി ഉത്തരവുകള്‍ക്ക് വിധേയമായി കരം സ്വീകരിക്കാമെന്നുമാണ് ‘ഭേദഗതി’ യോടെയുള്ള പുതിയ ഉത്തരവ്.

ഈ ഉത്തരവും അംഗീകരിക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് സുധീര വിഭാഗം. റവന്യു മന്ത്രി അടൂര്‍ പ്രകാശിന് കോന്നിയില്‍ വീണ്ടും മത്സരിക്കാന്‍ സീറ്റ് നല്‍കിയാല്‍ അത് യു.ഡി.എഫിന്റെ സാധ്യതകള്‍ക്ക് വന്‍ തിരിച്ചടിയാവുമെന്ന് ചൂണ്ടിക്കാട്ടി മന്ത്രി അടൂര്‍ പ്രകാശിനെ ‘വെട്ടി നിരത്താനും’ അണിയറയില്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

സീറ്റ് നിര്‍ണ്ണയത്തില്‍ വി.എം.സുധീരന്‍ പിടിമുറുക്കുമെന്ന് തന്നെയാണ് ലഭിക്കുന്ന സൂചന

Top