വി എം സുധീരനെ മലബാറില്‍ മത്സരിപ്പിക്കാന്‍ എഐസിസി നീക്കങ്ങള്‍ സജീവം

vm sudheeran

മലപ്പുറം: വി എം സുധീരനെ മലബാറില്‍ മത്സരിപ്പിക്കാന്‍ സമ്മര്‍ദവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. എഐസിസി സെക്രട്ടറി പി വി മോഹന്‍, പി വിശ്വനാഥ് എന്നിവര്‍ സുധീരനുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് നോര്‍ത്തിലോ കൊയിലാണ്ടിയിലോ സുധീരനെ മത്സരിപ്പിക്കാനാണ് ആലോചന. എന്നാല്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് വി എം സുധീരനും എഐസിസി നേതാക്കളും പ്രതികരിച്ചു.

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വി എം സുധീരന്റെ വസതിയില്‍ എഐസിസി പ്രതിനിധികളായ പി വി മോഹന്‍, പി വിശ്വനാഥ് എന്നിവര്‍ എത്തിയത്. ഇതില്‍ മലബാര്‍ മേഖലയുടെ ചുമതലയുള്ള സെക്രട്ടറിയാണ് പി വി മോഹനന്‍.

മുതിര്‍ന്ന നേതാവിനെ രംഗത്തിറക്കുന്നതിലൂടെ കോണ്‍ഗ്രസിന് മലബാറില്‍ കൂടുതല്‍ ശക്തമായ അടിത്തറയുണ്ടാക്കുകയാണ് ലക്ഷ്യം. എന്നാല്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും മത്സര രംഗത്തില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും വി എം സുധീരന്‍ പ്രതികരിച്ചു.

സ്ഥാനാര്‍ഥിത്വ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നായിരുന്നു പി വി മോഹന്റെ മറുപടി. മലബാര്‍ മേഖലയില്‍ സുധീരന്റെ സാന്നിധ്യം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂറിന് ശേഷമാണ് നേതാക്കള്‍ മടങ്ങിയത്.

Top