കേരളത്തിൽ വലിയ തിരിച്ചടിക്ക് സാധ്യത, സുധീരനെ രംഗത്തിറക്കാൻ രാഹുൽ . . .

വി.എം സുധീരന്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആഗ്രഹത്തില്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

സുധീരന്‍ ആഗ്രഹിക്കുന്ന ഏത് മണ്ഡലവും മത്സരിക്കാന്‍ നല്‍കാന്‍ തയ്യാറാണെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി എന്നാണ് ലഭിക്കുന്ന വിവരം. സുധീരന്‍ അനുകൂലമായി പ്രതികരിച്ചാല്‍ വടകര, വയനാട്, തൃശൂര്‍ എന്നീ മണ്ഡലങ്ങളില്‍ ഏതിലെങ്കിലും നറുക്ക് വീഴും. എന്നാല്‍ ഇപ്പോള്‍ തല്‍ക്കാലം പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാടിലാണ് സുധീരന്‍. ഹൈക്കമാന്റ് നിലപാട് കടുപ്പിച്ചാല്‍ സുധീരന് നിലപാട് മാറ്റേണ്ടി വരും.

പൊതു സമൂഹത്തില്‍ മികച്ച പ്രതിച്ഛായ ഉള്ള സുധീരന്‍ പാര്‍ലമെന്റില്‍ വേണം എന്നതാണ് രാഹുല്‍ ഗാന്ധിയുടെ ആഗ്രഹം. കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിയേണ്ടിവന്ന സുധീരനോട് ഹൈക്കമാന്റിന് പ്രത്യേക ഒരു പരിഗണനയും നിലവിലുണ്ട്. കേരളത്തില്‍ യു.ഡി.എഫ് പ്രചരണത്തിന്റെ നായക സ്ഥാനം ഉമ്മന്‍ ചാണ്ടിക്കൊപ്പം ഏറ്റെടുക്കാന്‍ ഹൈക്കമാന്റ് ഇതിനകം തന്നെ സുധീരനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ യുഡിഎഫ് നേടിയ 12 സീറ്റുകളില്‍ പലതും നഷ്ടമാകുമെന്ന തിരിച്ചറിവിലാണ് ഈ ജാഗ്രത. ന്യൂനപക്ഷ വോട്ടുകളും നായര്‍ വോട്ടുകളും യു.ഡി.എഫിന് വലിയ തോതില്‍ നഷ്ടമാകുമെന്ന ആശങ്കയും കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനുണ്ട്.

നായര്‍ വോട്ടിലെ ഒരു വിഹിതം ബി.ജെ.പിയും ന്യൂനപക്ഷ വോട്ടുകളില്‍ ഇടതുപക്ഷവും മുന്നേറ്റമുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഹൈക്കമാന്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ശബരിമല വിഷയത്തില്‍ സ്വീകരിച്ച ഇരട്ട നിലപാടാണ് ഈ പ്രതിസന്ധി പാര്‍ട്ടിക്കും മുന്നണിക്കും ഉണ്ടാക്കിയതെന്നതാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നിലപാട് മാറ്റം തന്നെ വൈകിപ്പോയെന്ന അഭിപ്രായമാണ് യുഡിഎഫ് നേതാക്കളുടെ വിമര്‍ശനം.

അയ്യപ്പ ജ്യോതിയും വനിതാ മതിലും വന്‍ വിജയമായപ്പോള്‍ യു.ഡി.എഫ് ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച വനിതാ സംഗമം വലിയ പരാജയമായിരുന്നു എന്ന വിലയിരുത്തലും നേതാക്കള്‍ക്കിടയില്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ തവണ നേടിയ വിജയം ആവര്‍ത്തിക്കാന്‍ കഴിയില്ല എന്ന് മാത്രമല്ല, വന്‍ തിരിച്ചടി തന്നെ നേരിടേണ്ടി വരുമോയെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ ഭയക്കുന്നുണ്ട്.

ഈ വെല്ലുവിളി മറികടക്കാന്‍ ജനപ്രിയരായ നേതാക്കളെ മത്സരിപ്പിക്കണമെന്ന ആവശ്യം മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ഉണ്ടെങ്കിലും സിറ്റിംഗ് എം.പിമാരില്‍ ആരും തന്നെ വിട്ടുവീഴ്ചക്ക് തയ്യാറല്ല. സീറ്റ് ലഭിച്ചില്ലെങ്കില്‍ റിബല്‍ ആയി മത്സരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ എം.പിമാര്‍ വരെയുണ്ട്. എം.ഐ ഷാനാവാസ് അന്തരിച്ചതിനാല്‍ വയനാട് മണ്ഡലത്തിലും കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതിനിധീകരിക്കുന്ന വടകരയിലും മാത്രമാണ് സിറ്റിംഗ് എം.പിമാരുടെ സമ്മര്‍ദ്ദമില്ലാത്തത്.

ലോക്‌സഭയിലേയ്ക്ക് സുധീരന്‍ മത്സരിക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാന ഭീഷണി ഒഴിയുമെന്നതിനാല്‍ അദ്ദേഹം മത്സരിക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും.

അതേസമയം സുധീരന്റെ സാന്നിധ്യം ഏറെ ഭയപ്പെട്ടുത്തുന്നത് കേന്ദ്രമന്ത്രി പദം ആഗ്രഹിക്കുന്ന കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, ശശി തരൂര്‍ തുടങ്ങിയവരെയാണ്.

കഴിഞ്ഞ തവണ ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ്സിന്റെ മാനം കാത്തത് കേരളവും കര്‍ണ്ണാടകയുമാണ്. കേരളത്തില്‍ നിന്നും 8 പേരും കര്‍ണ്ണാടകയില്‍ നിന്നും 10 പേരുമാണ് ലോകസഭയില്‍ കോണ്‍ഗ്രസ്സിനുള്ളത്. മൊത്തം അംഗ സംഖ്യ ആവട്ടെ 45 ല്‍ ഒതുങ്ങുന്നു. മുന്‍പ് മാനം കാത്ത ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്ന് തന്നെയാണ് കോണ്‍ഗ്രസ്സ് ഇപ്പോള്‍ വലിയ വെല്ലുവിളിയും നേരിടുന്നത്. കര്‍ണ്ണാടക ഭരണം തന്നെ തുലാസിലാണ്. ഏത് നിമിഷവും വീഴുമെന്ന സാഹചര്യമാണ് അവിടെ. കോണ്‍ഗ്രസ്സ് ജനപ്രതിനിധികളെ വിലക്ക് വാങ്ങാന്‍ കഴിയുമെന്ന സന്ദേശം വോട്ടര്‍മാരില്‍ കോണ്‍ഗ്രസ്സിനെതിരായ വികാരം ഉയര്‍ത്തുമെന്ന ഭയവും ഹൈക്കമാന്റിനുണ്ട്.

Top