Vm sudheeran Following Vs;

തിരുവനന്തപുരം : വി.എസ്. അച്ചുതാനന്ദന്റെ പാതയില്‍ വി.എം.സുധീരന്‍

പാര്‍ട്ടി നിലപാടുകളില്‍ നിന്ന് വ്യതിചലിച്ചും നേതൃത്വവുമായി നിരന്തരം ഏറ്റുമുട്ടിയും വി.എസ്. പൊതുസമൂഹത്തിനിടയിലുണ്ടാക്കിയ പ്രതിച്ഛായയ്ക്ക് സമാനമായ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ കെ.പി.സി.സി പ്രസിഡന്റായ വി.എം.സുധീരന്‍ നടത്തുന്നത്.

മുഖ്യമന്ത്രിയായിരിക്കെ വി.എസ്. പാര്‍ട്ടി നേതൃത്വത്തിനെതിരെയാണ് വാളെടുത്തതെങ്കില്‍ പാര്‍ട്ടി പ്രസിഡന്റായ സുധീരന്‍ പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാരിനെതിരെയാണ് വാളെടുത്തതെന്നത് മാത്രമാണ് വ്യത്യാസം.

പൊതു സമൂഹത്തിനിടയില്‍ കയ്യടി നേടാനും ആവേശഭരിതരാക്കാനും ക്ലീന്‍ പ്രതിച്ഛായ ഉണ്ടാക്കാനും പറ്റാവുന്ന വിഷയങ്ങളിലാണ് വി.എസിനെ പോലെ സുധീരനും ഇപ്പോള്‍ കയറിപ്പിടിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ്സ് ഗ്രൂപ്പുകള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് ഹൈക്കമാന്റ് കെ.പി.സി.സി പ്രസിഡന്റായി നിയമിച്ച സുധീരന്‍ ആദ്യം വെടി പൊട്ടിച്ചത് ബാര്‍ വിഷയത്തിലാണ്.

സി.എ.ജി റിപ്പോര്‍ട്ടും ഹൈക്കോടതി വിമര്‍ശനവും മുന്‍നിര്‍ത്തി ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് അടിസ്ഥാന സൗകര്യമില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി അടച്ചുപൂട്ടിയ 418 ബാറുകള്‍ തിരഞ്ഞെടുപ്പിന് ശേഷം തുറക്കാന്‍ സര്‍ക്കാര്‍ തയ്യാറായതോടെയാണ് സുധീരനും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

വിവാദത്തില്‍ ജനപക്ഷത്തു നിന്ന് ബാറുകള്‍ തുറക്കേണ്ടതില്ലെന്ന് വാദിച്ച സുധീരന്‍ അഡ്വക്കേറ്റ് ജനറല്‍ ബാര്‍ തുറക്കുന്നതിനുവേണ്ടി നടത്തുന്ന ഇടപെടലുകളെ രൂക്ഷമായി വിമര്‍ശിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചൊടിപ്പിച്ചിരുന്നു. പാര്‍ട്ടി പ്രസിഡന്റിന്റെ നിലപാടുകളെ തള്ളി എ.ജി ക്ക് പരസ്യ പിന്‍തുണയുമായി ഉമ്മന്‍ചാണ്ടി രംഗത്ത് വന്നപ്പോള്‍ സുധീരനും തിരിച്ചടിച്ചു.

ഒരു കാരണവശാലും ബാര്‍ തുറക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്ന സുധീരനൊപ്പം പാര്‍ട്ടിയിലെ നല്ലൊരു വിഭാഗവും ലീഗും കേരളാ കോണ്‍ഗ്രസ് അടക്കമുള്ള ഘടക കക്ഷികളും ഹൈക്കമാന്റും അണിനിരന്നതോടെ സമ്മര്‍ദ്ദത്തിലായ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഒടുവില്‍ മദ്യലോബിയുടെ ആളുകളൊണെന്ന ആരോപണത്തില്‍ നിന്ന് രക്ഷനേടാന്‍ അവശേഷിക്കുന്ന തുറന്ന ബാറുകളും അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു.

ബാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കൂടിയ യു.ഡി.എഫ് യോഗത്തില്‍ നാടകീയമായാണ് ഈ നിര്‍ദ്ദേശം മുഖ്യമന്ത്രി അവതരിപ്പിച്ചത്. സുധീരന്‍ മാത്രം ബാര്‍ വിവാദത്തില്‍ നേട്ടമുണ്ടാക്കേണ്ട എന്ന് കരുതിയായിരുന്നു ഈ അപ്രതീക്ഷിത നീക്കം.

ഈ നടപടിയാണ് പിന്നീട് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് മന്ത്രി മാണിക്കെതിരെ കോഴ ആരോപണമുന്നിയിക്കാനിടയാക്കിയതും, തുടര്‍ന്ന് അദ്ദേഹത്തിന് കോടതി പരാമര്‍ശത്തെ തുടര്‍ന്ന് രാജി വയ്‌ക്കേണ്ടിവന്നതും.

മന്ത്രി കെ.ബാബു, രമേശ് ചെന്നിത്തല, വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്കെതിരായും ബിജു രമേശ് കോഴ ആരോപണമുന്നയിച്ചിരുന്നു.

ബാര്‍ കോഴ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പ്രചരണായുധമാക്കാനിരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളില്‍ കയറി പിടിച്ച് സുധീരന്‍ പൊതുസമൂഹത്തിന്റെ കയ്യടി വാങ്ങുന്നത്.

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മെത്രാന്‍ കായല്‍ നികത്തുന്നതിന് ഉത്തരവിട്ട റവന്യു വകുപ്പിന്റെ നിലപാട് സര്‍ക്കാരിന് റദ്ദാക്കേണ്ടിവന്നത് സുധീരന്റെ കൂടി കര്‍ക്കശ നിലപാടിന്റെ ഭാഗമായിരുന്നു.

ഇപ്പോള്‍ കരുണ എസ്റ്റേറ്റിന് കരം അടക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് കോടതി ഉത്തരവിന് വിധേയമാണെന്ന് കൂട്ടിച്ചേര്‍ത്ത് ഭേദഗതി കൊണ്ടുവരേണ്ടി വന്നതും സുധീരന്റെ ഇടപെടലിനെ തുടര്‍ന്നാണ്.

‘ബാറുകള്‍ അടച്ച് പൂട്ടുന്നതില്‍ തുടങ്ങി കരുണ’വരെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരിനെ വരച്ച വരയില്‍ നിര്‍ത്താന്‍ ഒരു പരിധിവരെ സുധീരന് കഴിഞ്ഞുവെന്നതും യാഥാര്‍ത്ഥ്യമാണ്.

ഇത് പൊതു സമൂഹത്തിനിടയില്‍ അദ്ദേഹത്തിന്റെ സ്വീകാര്യതയാണ് ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 2001-2006 കാലഘട്ടത്തില്‍ തുടങ്ങി വി.എസ്. അച്ചുതാനന്ദന്‍ സ്വീകരിച്ചുവന്ന നിലപാടുകള്‍ക്ക് സമാനമാണിത്.

മുഖ്യമന്ത്രി സ്ഥാനത്തിരുന്നും പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തിനപ്പുറം വിശാലമായ ഇടം കണ്ടെത്തുകയാണ് വി.എസ് ചെയ്തതെങ്കില്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ക്കപ്പുറം തിരുത്തല്‍ നടപടി സ്വീകരിച്ച് പാര്‍ട്ടിക്കു കൂടി ഗുണകരമാവുന്ന നിലപാടാണ് സുധീരന്‍ സ്വീകരിച്ചിരിക്കുന്നത്. പൊതുസമൂഹത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള ഈ നിലപാടിന് വലിയ പിന്തുണയാണ് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.

അതേ സമയം വി.എസിന്റെ നിലപാടുകള്‍ ആത്യന്തികമായി ഇടതു മുന്നണിക്കാണ് എന്നും ഗുണം ചെയ്തിട്ടുള്ളുവെന്നിരിക്കെ യു.ഡി.എഫും ഇപ്പോള്‍ ആശ്വസിക്കുന്നതും അതുതന്നെയാണ്. സുധീരന്റെ തിരുത്തല്‍ നിലപാടുകള്‍ ഈ തിരഞ്ഞെടുപ്പില്‍ തങ്ങളെയാണ് തുണക്കുകയെന്നാണ് അവരുടെ അവകാശ വാദം.

വി.എസ്. മത്സരിക്കുമ്പോള്‍ അതിനെ നേരിടാന്‍ സുധീരന്‍ മത്സരരംഗത്തുണ്ടാവണമെന്നാണ് യു.ഡി.എഫ് നേതൃത്വം ഇപ്പോള്‍ ആഗ്രഹിക്കുന്നത്. സുധീരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തുറന്നു കാട്ടി പ്രചരണം നടത്തണമെന്ന ആവശ്യവും യുഡിഎഫിലും കോണ്‍ഗ്രസിലും ശക്തമാണ്.

Top