നിയമമന്ത്രി ഇനിയെങ്കിലും പരാതി പൊലീസിനു കൈമാറി നിയമവാഴ്ച ഉറപ്പുവരുത്തണം;വി എം സുധീരന്‍

sudheeran

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം എല്‍ എയ്‌ക്കെതിരായ പീഡന പരാതിയെ ‘പാര്‍ട്ടി പ്രശ്‌നം’ മാത്രമാക്കി പരിമിതപ്പെടുത്തിയ നിയമമന്ത്രിയ്‌ക്കെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. ഇനിയെങ്കിലും ഒട്ടും വൈകാതെ തന്റെ മുന്നില്‍ വന്നിട്ടുള്ള വനിതാ നേതാവിന്റെ പരാതി പൊലീസിന്‌ കൈമാറി കേസെടുപ്പിക്കാനും അതുവഴി നിയമവാഴ്ച ഉറപ്പുവരുത്താനും നിയമമന്ത്രി തയ്യാറാകണമെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സംസ്ഥാനത്ത് നിയമവാഴ്ച ഉറപ്പുവരുത്താൻ ബാധ്യതപ്പെട്ട നിയമവകുപ്പ് മന്ത്രി തന്നെ നിയമസംവിധാനത്തെ അട്ടിമറിക്കുന്നതിന് നേതൃത്വം നൽകുന്ന അത്യപൂർവ്വ സ്ഥിതി വിശേഷമാണ് കേരളത്തിൽ സംജാതമായിട്ടുള്ളത്.

പി. കെ. ശശി എം.എൽ.എക്കെതിരെ ഉന്നയിക്കപ്പെട്ട അതീവ ഗൗരവമുള്ള ആരോപണങ്ങളിൽ നിയമപരമായ നടപടികളെല്ലാം ഒഴിവാക്കി അതെല്ലാം കേവലം ‘പാർട്ടി പ്രശ്നം’മാത്രമാക്കി പരിമിതപ്പെടുത്തുന്നതിൻറെ പ്രധാന പരികർമിയായി സംസ്ഥാനത്തെ നിയമവകുപ്പ് മന്ത്രി തന്നെ മാറിയിരിക്കുന്നത് ഏറെ വിചിത്രമായിരിക്കുന്നു.

മന്ത്രി ഇപ്പോൾ സ്വീകരിച്ചിട്ടുള്ള നിലപാടിലൂടെ സുപ്രീം കോടതിയുടെ സുപ്രധാന വിധികളുടെ അന്തസത്തയെ തന്നെ ചോദ്യം ചെയ്തിരിക്കുകയാണ്.

ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറ് പ്രഖ്യാപിച്ച് അധികാരത്തിൽ വന്നിട്ടുള്ള സംസ്ഥാന നിയമമന്ത്രിയുടെ നടപടി തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനം കൂടിയാണ്.

ഇനിയെങ്കിലും ഒട്ടും വൈകാതെ തന്റെ മുന്നിൽ വന്നിട്ടുള്ള വനിതാ നേതാവിന്റെ പരാതി പോലീസിന് കൈമാറി കേസെടുപ്പിക്കാനും അതുവഴി നിയമവാഴ്ച ഉറപ്പുവരുത്താനും നിയമമന്ത്രി തയ്യാറാകണം.

Top