സമ്പന്നര്‍ക്കു മുന്നില്‍ നിയമം നിഷ്‌ക്രിയമാകുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്; വി എം സുധീരന്‍

vm sudheeran

കൊച്ചി: അതിസമ്പന്നര്‍ക്കും സ്വാധീനശക്തിയുള്ളവര്‍ക്കും സിപിഎം നേതൃത്വത്തിന്റെ ഇഷ്ടക്കാര്‍ക്കും മുന്നില്‍ നിയമം നിഷ്‌ക്രിയമാകുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. സ്ത്രീസുരക്ഷ ഉറപ്പുവരുത്തുമെന്നും അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നുമുള്ള ഇടതുമുന്നണി വാഗ്ദാനത്തിന്റെ പൊള്ളത്തരം പി കെ ശശിയ്‌ക്കെതിരായ കേസിലൂടെ ജനങ്ങള്‍ക്ക്‌
ബോധ്യപ്പെട്ടുവെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അതിസമ്പന്നർക്കും സ്വാധീനശക്തിയുള്ളവർക്കും സിപിഎം നേതൃത്വത്തിൻറെ ഇഷ്ടക്കാർക്കും മുന്നിൽ നിയമം നിഷ്ക്രിയമാകുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്.

സി.പി.എം നേതാവ് കൂടിയായ എം.എൽ.എ പി.കെ.ശശിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിയമപരമായി നടപടി സ്വീകരിക്കേണ്ട പോലീസിനെ ഭരണനേതൃത്വം തികച്ചും നിർവീര്യമാക്കിയിരിക്കുകയാണ്. കെ.ബി. ഗണേഷ് കുമാറിൻ്റെ കാര്യത്തിലെന്നപോലെ പരാതിക്കാരുമായി ഒത്തുതീർപ്പിന് കളമൊരുക്കുന്ന പരിഹാസ്യമായ സമീപനമാണ് ഇതിലും സി.പി.എം നേതൃത്വം അനുവർത്തിക്കുന്നത്.

സ്ത്രീസമൂഹത്തിൻറെ സുരക്ഷ ഉറപ്പുവരുത്തേണ്ട സംസ്ഥാന വനിതാ കമ്മീഷൻ ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട് ഏറെ വിചിത്രമാണ്.

ഗുരുതരമായ ആരോപണവിധേയവരായവർക്ക് രക്ഷാകവചമൊരുക്കുകയും നിർദോഷികളും നിഷ്കളങ്കരുമായ ജനങ്ങളുടെ നേരെ അതിക്രമം നടത്തുന്നതിന് പോലീസിനെ അഴിച്ചുവിടുകയും ചെയ്യുന്ന ഇടതുമുന്നണി ഭരണശൈലി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.

ജലന്തർ ബിഷപ്പിനെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ അന്വേഷിക്കുന്നതും കേവലം പ്രഹസനമാക്കി മാറ്റിയത് ഈ ശൈലിയുടെ ഭാഗമാണ്.

സർവ്വനിയമങ്ങളെയും കാറ്റിൽ പറത്തി പി വി അൻവർ എം.എൽ.എ സ്വൈരവിഹാരം നടത്തുന്നത് സമ്പന്നർക്കും സ്വാധീനമുള്ളവർക്കും മുന്നിൽ നിയമം നിർജ്ജീവമാകുന്നു എന്നത് വ്യക്തമാക്കുന്നുണ്ട്. തോമസ് ചാണ്ടിയെയും ജോയ്സ് ജോർജ്ജിനെയും സംരക്ഷിക്കുന്നതിന് വഴിവിട്ട നടപടികളുമായി മുന്നോട്ടുപോയ സർക്കാരിൻ്റെ സമീപനവും ഈ നയത്തിൻ്റെ ഭാഗമാണ്.

സ്ത്രീസുരക്ഷ ഉറപ്പുവരുത്തുമെന്നും അഴിമതിക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നുമുള്ള ഇടതുമുന്നണി വാഗ്ദാനത്തിൻറെ പൊള്ളത്തരം ഇത്തരം സംഭവങ്ങളിലൂടെ ജനങ്ങൾക്ക് പൂർണമായും ബോധ്യപ്പെട്ടിരിക്കുകയാണ്.

Top