മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം സര്‍ക്കാര്‍ പിന്‍വലിക്കണം; വി എം സുധീരന്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനകത്തും പുറത്തും പൊതുവേദികളിലും മുഖ്യമന്ത്രി, മന്ത്രിമാര്‍, മറ്റ് പ്രശസ്ത വ്യക്തികള്‍ എന്നിവരുമായി മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി അഡീഷണല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ജനാധിപത്യ വിരുദ്ധമായ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സെക്രട്ടറിയേറ്റിനകത്തും പുറത്തും പൊതുവേദികളിലും മുഖ്യമന്ത്രി, മന്ത്രിമാർ, മറ്റ് പ്രശസ്ത വ്യക്തികൾ എന്നിവരുമായി മാധ്യമപ്രവർത്തകർ ഇടപെടുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തി അഡീഷണൽ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്.

ജനാധിപത്യ ഭരണക്രമത്തിൽ സുതാര്യത ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്; അത് ഭരണകൂടത്തിൻ്റെ ചുമതലയുമാണ്.

ജനങ്ങൾ അറിയേണ്ടതും ജനങ്ങളെ അറിയിക്കേണ്ടതുമായ കാര്യങ്ങളെ സംബന്ധിച്ച് വിശദവിവരങ്ങൾ ആരായേണ്ടതും വ്യക്തത വരുത്തി വസ്തുനിഷ്ഠമായി അതെല്ലാം ജനങ്ങളിലേക്ക് എത്തിക്കേണ്ടതും മാധ്യമ ധർമ്മമാണ്. അവിടെ നിയന്ത്രണം ഏർപ്പെടുത്തുന്നത് സർക്കാരിന്റെ പ്രവർത്തനങ്ങൾ പലതും മറച്ചു വയ്ക്കാനുള്ള വ്യഗ്രതയാണ് പ്രകടമാക്കുന്നത്.

സുതാര്യതയെ എന്തിനാണ് സർക്കാർ ഭയപ്പെടുന്നത്.? ഈ ചോദ്യമാണ് സ്വാഭാവികമായി ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്.

ഇന്നേവരെ രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തിൽ ഒരു സർക്കാരിൻ്റെ കാലത്തും ഏർപ്പെടുത്താത്ത ഇത്തരം നിയന്ത്രണം ഒരു ഇടതുപക്ഷ ഭരണസംവിധാനത്തിൽ ഉണ്ടാകുന്നു എന്നത് അതിവിചിത്രവും അപലപനീയവുമാണ്.

മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ജനാധിപത്യ വിരുദ്ധമായ ഉത്തരവ് സർക്കാർ പിൻവലിക്കണം

Top