പ്രീത-ഷാജി ദമ്പതിമാര്‍ക്ക് നീതി ഉറപ്പുവരുത്തണമെന്ന് വി എം സുധീരന്‍

vm sudheeran

തിരുവനന്തപുരം: പ്രീത-ഷാജി ദമ്പതിമാര്‍ക്കും സമാന അനുഭവസ്ഥര്‍ക്കും നീതി ഉറപ്പുവരുത്തണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. തെറ്റായ നിയമങ്ങളുടെയും നിയമങ്ങളുടെ ദുരുപയോഗത്തിന്റെയും ഫലമായാണ് ഇവര്‍ക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. അവര്‍ക്ക് വേണ്ടി ശബ്ദിക്കാനും നീതിയും ന്യായവും സാധാരണക്കാര്‍ക്ക് ലഭ്യമാക്കാനും കഴിയുന്ന ഒരു സാഹചര്യമൊരുക്കാനും രാഷ്ട്രീയ-സാമൂഹ്യ-മാധ്യമ തലത്തില്‍ കൂടുതല്‍ ശക്തമായ മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രീത-ഷാജി ദമ്പതിമാർക്കും സമാന അനുഭവസ്ഥർക്കും നീതി ഉറപ്പുവരുത്തണം:

എച്ച്ഡിഎഫ്സി ബാങ്ക് അധികൃതരും അഴിമതി ആരോപണ വിധേയരായ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ റിക്കവറി ഓഫീസറും റിയൽ എസ്റ്റേറ്റ് ഭൂമാഫിയ സംഘവും ചേർന്ന് നടത്തിയ ചതി പ്രയോഗങ്ങളുടെയും കള്ളക്കളികളുടെയും ഫലമായി എറണാകുളം ഇടപ്പള്ളി ഷാജി-പ്രീത ദമ്പതിമാരും കുടുംബവും വഴിയാധാരമാക്കിയിരിക്കുകയാണ്.

ബാങ്കിംഗ് നിയമങ്ങളെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് ബാങ്ക് അധികൃതരും റിയൽ എസ്റ്റേറ്റ് മാഫിയ സംഘങ്ങളും ചേർന്ന് നടത്തിവരുന്ന കൊള്ളയുടെ ഭാഗമായിട്ടാണ് ഈ പ്രശ്നം ഉണ്ടായത്.

ജനദ്രോഹ ബാങ്കിംഗ് നയങ്ങളും നിയമങ്ങളും നിരാലംബരായ സാധാരണക്കാരെ എത്രമാത്രം ദ്രോഹിക്കുന്നു എന്നതിൻറെ പ്രകടമായ തെളിവാണ് നിയമ ഭീകരതയുടെ കൊടും ക്രൂരതയ്ക്ക് ഇരയായ പ്രീത-ഷാജി ദമ്പതിമാരും കുടുംബവും.

രണ്ട് ലക്ഷം രൂപ വായ്പ എടുക്കുവാൻ ജാമ്യം നിന്നതിൻ്റെ പേരിൽ 2 കോടി 70 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന ബാങ്കിന്റെ തീരുമാനം എത്രയോ വിചിത്രമാണ്. സാമാന്യനീതിക്ക് നിരക്കാത്തതുമാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ രണ്ടരകോടി രൂപയോളം വരുന്ന 18.5 സെൻറ് കിടപ്പാടം കേവലം 38 ലക്ഷം രൂപയ്ക്ക് ലേലം ചെയ്തതിന്റെ പിന്നിലുള്ള ഡി.ആർ.ടി റിക്കവറി ഓഫീസറുടെയും റിയൽ എസ്റ്റേറ്റ്-ഭൂമാഫിയ സംഘത്തിന്റെയും വായ്പ എടുത്ത് തിരിച്ചടയ്ക്കാത്ത വ്യക്തിയുടെയും കുറ്റകരമായ ഗൂഡാലോചനയും അഴിമതിയും അന്വേഷണ വിധേയമാക്കി അവർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുന്നതിനു പകരം നിർദോഷികളായ പ്രീത- ഷാജി ദമ്പതിമാരുടെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കി അവർക്ക് ജീവിതം നിഷേധിക്കുന്ന നീതിക്ക് നിരക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.

1997ൽ വായ്പക്കാരനായ വ്യക്തി കുടിശ്ശിക വരുത്തിയപ്പോൾ വസ്തു വിറ്റ് ഒരുലക്ഷം രൂപ ഷാജി അടച്ചത് ശ്രദ്ധേയമാണ്. വായ്പ എടുത്ത ആൾ ഷാജിയുടെയും അമ്മയുടെയും വ്യാജ ഒപ്പിട്ട് ആൾമാറാട്ടം നടത്തി വ്യവഹാര കാര്യങ്ങൾ പ്രീത -ഷാജി ദമ്പതിമാരിൽ നിന്നും മറച്ചുവെച്ച് ചതിക്കുകയായിരുന്നു.

കടുത്ത അനീതിയാണ് ഷാജി-പ്രീത കുടുംബത്തിന് നേർക്കുണ്ടായത്. അതുകൊണ്ട് തന്നെയാണ് ഇക്കാര്യത്തിൽ ജനങ്ങളുടെ പിന്തുണ അവർക്ക് ഉണ്ടായതും സമാധാനപരമായി സമരങ്ങൾ നടന്നതും.

നിയമസഭാ സാമാജികർ ഈ പ്രശ്നം നിയമസഭയിൽ ഉന്നയിച്ചു. ബഹു. മുഖ്യമന്ത്രി ഉൾപ്പെടെ ഭരണാധികാരികളൊക്കെ പ്രശ്നപരിഹാരത്തിന് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.

നിർഭാഗ്യവശാൽ ഇക്കാര്യത്തിൽ രമ്യമായ ഒരു പരിഹാരം ഉണ്ടാക്കുന്നതിൽ ഭരണാധികാരികളും പരാജയപ്പെട്ടു.

ജുഡീഷ്യറിയുടെ ഭാഗത്തുനിന്നാകട്ടെ കേവലം സാങ്കേതികത്വത്തിൽ ഒതുങ്ങി നിന്ന് നിഷ്കരുണം ഇരയ്ക്ക് നീതി നിഷേധിക്കുന്ന നിലപാടാണ് വിധിയിലൂടെ സ്വീകരിച്ചത്.

വീടൊഴിഞ്ഞ് താക്കോൽ വില്ലേജ് ഓഫീസർക്ക് കൈമാറിയാലേ ഷാജി ഫയൽ ചെയ്ത കേസ് പരിഗണിക്കൂ എന്ന ജുഡീഷ്യറിയുടെ സമീപനം യഥാർത്ഥത്തിൽ നീതിനിഷേധമാണ്. നീതിക്ക് വേണ്ടി നിലകൊള്ളേണ്ട നിയമം ഫലത്തിൽ ചതിയന്മാർക്കും കൊള്ളക്കാർക്കും സംരക്ഷണവലയമൊരുക്കുന്ന ദു:സ്ഥിതിയാണ് ഉണ്ടാക്കിയിട്ടുള്ളത്.

ഭരണഘടനയും നിയമ വ്യവസ്ഥിതിയും വിഭാവനം ചെയ്യുന്നത് നീതിയും ന്യായവും നടപ്പാക്കുക എന്നതാണ്.

നിർഭാഗ്യവശാൽ ഷാജി-പ്രീത ദമ്പതിമാരുടെ കാര്യത്തിൽ ഭരണഘടന സ്ഥാപനങ്ങളായ ജുഡീഷ്യറിയും എക്സിക്യൂട്ടീവും ഭരണനിർവ്വഹണം നടത്തുന്ന സർക്കാരും നിയമനിർമ്മാണ സഭയും പരാജയപ്പെട്ടിരിക്കുകയാണ്. ഈ അവസ്ഥ മാറിയേ മതിയാകൂ.

ഷാജി-പ്രീത ദമ്പതിമാർക്ക് ഇത്തരത്തിൽ ദുരനുഭവമുണ്ടായത് തെറ്റായ നിയമങ്ങളുടെയും നിയമങ്ങളുടെ ദുരുപയോഗത്തിൻറെയും ഫലമാണ്.

ഇത് ഒരു കുടുംബത്തിൻ്റെ മാത്രം പ്രശ്നമല്ല. ഇത്തരത്തിൽ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട കുടുംബങ്ങൾ ആയിരക്കണക്കിനുണ്ട്.

അവർക്ക് വേണ്ടി ശബ്ദിക്കാനും നീതിയും ന്യായവും സാധാരണക്കാർക്ക് ലഭ്യമാക്കാനും കഴിയുന്ന ഒരു സാഹചര്യമൊരുക്കാനും രാഷ്ട്രീയ-സാമൂഹ്യ-മാധ്യമ തലത്തിൽ കൂടുതൽ ശക്തമായ മുന്നേറ്റം അനിവാര്യമാണ്. അതിലൂടെ പ്രീത-ഷാജി ദമ്പതിമാർക്കും സമാന അനുഭവസ്ഥർക്കും നീതി ഉറപ്പുവരുത്താൻ സാധിക്കട്ടെ. അതിനായി നമുക്ക് ഒറ്റക്കെട്ടായി മുന്നോട്ട് പോകാം.

Top