ഭരണഘടനാ ദിനത്തില്‍ അംബേദ്കറുടെ വാക്കുകളെ ഓര്‍മ്മപ്പെടുത്തി വി എം സുധീരന്‍

തിരുവനന്തപുരം: നമ്മുടെ ഭരണഘടനയ്ക്ക് ഭരണഘടനാ നിര്‍മാണ സഭ അംഗീകാരം നല്‍കിയിട്ട് ഇന്നേക്ക് 69 വര്‍ഷം. ഈ ദിനത്തില്‍ അംബേദ്കറുടെ വാക്കുകളെ ഓര്‍മ്മപ്പെടുത്തുകയാണ് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍.

‘ഒരു ഭരണഘടനയുടെ ഗുണവും ദോഷവും അത് പ്രാവര്‍ത്തികമാക്കുന്നവരെ ആശ്രയിച്ചിരിക്കും. നല്ലവരാണ് അത് കൈകാര്യം ചെയ്യുന്നതെങ്കില്‍ നല്ല ഫലങ്ങള്‍ ഉണ്ടാകും. ചീത്ത ആളുകളുടെ കൈകളിലാണ് അത് ചെന്നുപെടുന്നതെങ്കില്‍ തീര്‍ച്ചയായും ദോഷകരമായിരിക്കും ഫലം”. അംബേദ്കറുടെ വാക്കുകളെ ഉള്‍ക്കൊണ്ട് ശരിയായ വിലയിരുത്തലിലൂടെ നല്ലതിനു വേണ്ടി നമുക്ക് മുന്നോട്ട് പോകാമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നമ്മുടെ ഭരണഘടനയ്ക്ക് ഭരണഘടനാ നിർമാണ സഭ അംഗീകാരം നൽകിയിട്ട് ഇന്നേക്ക് 69 വർഷമായി.

ഭരണഘടനയുടെ അന്തസത്ത ഉൾക്കൊണ്ട് പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യം പ്രവർത്തനക്ഷമമാകുന്നത്.

എന്നാൽ ഭരണഘടനാ സ്ഥാപനങ്ങളായ നിയമനിർമാണസഭകൾ, പാർലമെൻറ്, ഭരണ നിർവ്വഹണം നടത്തുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ജുഡീഷ്യറി എന്നീ സംവിധാനങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് ഏറെ വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട്.

സത്യസന്ധമായ സ്വയം പരിശോധനയിലൂടെ തെറ്റ് തിരുത്താനും നഷ്ടപ്പെട്ടു വരുന്ന ജനവിശ്വാസം വീണ്ടെടുക്കാനും അതാത് തലങ്ങളിൽ പരിശ്രമം ഉണ്ടായേ മതിയാകൂ.

ഡോ. അംബേദ്കറുടെ വാക്കുകൾ ഇത്തരുണത്തിൽ ഏറെ പ്രസക്തമാണ്.
“ഒരു ഭരണഘടനയുടെ ഗുണവും ദോഷവും അത് പ്രാവർത്തികമാക്കുന്നവരെ ആശ്രയിച്ചിരിക്കും. നല്ലവരാണ് അത് കൈകാര്യം ചെയ്യുന്നതെങ്കിൽ നല്ല ഫലങ്ങൾ ഉണ്ടാകും. ചീത്ത ആളുകളുടെ കൈകളിലാണ് അത് ചെന്നുപെടുന്നതെങ്കിൽ തീർച്ചയായും ദോഷകരമായിരിക്കും ഫലം.”

ഈ ഭരണഘടനാ ദിനത്തിൽ ഡോ. അംബേദ്കറുടെ വാക്കുകൾ നമുക്കോർക്കാം. അതുൾക്കൊണ്ടുകൊണ്ട് ശരിയായ വിലയിരുത്തലിലൂടെ നല്ലതിന് വേണ്ടി നമുക്ക് മുന്നോട്ടു പോകാം.

Top