ബന്ധുനിയമനം;പി കെ ഫിറോസിനെയും സിദ്ദിഖ് പന്താവൂരിനെയും അഭിനന്ദിച്ച് വി എം സുധീരന്‍

vm sudheeran

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഉന്നയിച്ച ബന്ധുജന നിയമന ആരോപണങ്ങള്‍ക്ക് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന നിലയില്‍ മറുപടി നല്‍കാന്‍ മന്ത്രിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. തെറ്റ് ചെയ്ത മന്ത്രി ആദ്യഘട്ടത്തില്‍ തന്നെ അതെല്ലാം ഏറ്റുപറഞ്ഞു ജനങ്ങളോട് മാപ്പ് പറഞ്ഞിരുന്നെങ്കില്‍ ജനങ്ങള്‍ പൊറുക്കുമായിരുന്നു.

എന്നാല്‍ ഇനി എത്രയും വേഗത്തില്‍ മന്ത്രി ജലീല്‍ സ്ഥാനമൊഴിയുന്നതാണ് ഉചിതം. വളരെ കൃത്യമായി ഗൃഹപാഠം ചെയ്ത് മന്ത്രിതലത്തില്‍ നടത്തിയ ബന്ധുജന നിയമനത്തെയും മറ്റ് ഇടപെടലുകളേയും തുറന്നുകാട്ടിയ പി കെ ഫിറോസിനെയും സിദ്ദിഖ് പന്താവൂരിനെയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നുവെന്നും സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മന്ത്രി കെ ടി ജലീലിനെതിരെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉന്നയിച്ച ബന്ധുജന നിയമന ആരോപണങ്ങളും അതിനെ പ്രതിരോധിച്ചു കൊണ്ടുള്ള മന്ത്രിയുടെ വിശദീകരണങ്ങളും നിരീക്ഷിച്ച് വരികയായിരുന്നു.

പ്രസക്തമായ രേഖകളുടെ പിൻബലത്തോടെ ഫിറോസ് ഉന്നയിച്ച ആരോപണങ്ങൾക്ക് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന നിലയിൽ മറുപടി നൽകാൻ ഇതേവരെ മന്ത്രിക്ക് കഴിഞ്ഞിട്ടില്ല. തന്നെയുമല്ല, തൻറെ നടപടിയെ ആവർത്തിച്ച് ന്യായീകരിക്കാൻ വിഫലശ്രമം നടത്തിയ മന്ത്രി സ്വയം കുഴിച്ച കുഴിയിൽ വീഴുന്നതാണ് ഏവരും കണ്ടത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂർ ഉന്നയിച്ച ആരോപണങ്ങളുടെ മുന്നിലും ചൂളിപ്പോകുന്ന മന്ത്രിയുടെ നില കൂടുതൽ പരുങ്ങലിലായിരിക്കുകയാണ്.

തെറ്റ് ചെയ്ത മന്ത്രി ആദ്യഘട്ടത്തിൽ തന്നെ അതെല്ലാം ഏറ്റുപറഞ്ഞു ജനങ്ങളോട് മാപ്പ് പറഞ്ഞിരുന്നെങ്കിൽ ജനങ്ങൾ പൊറുക്കുമായിരുന്നു.

എന്നാൽ സാമാന്യബുദ്ധിക്ക് നിരക്കാത്ത ന്യായവാദങ്ങളുമായി സ്വയം പ്രതിരോധിക്കാൻ മുന്നോട്ട് വന്ന മന്ത്രി ജനമധ്യത്തിൽ സ്വയം പരിഹാസ്യനാകുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്.

തൻറെ തെറ്റിനെ ന്യായീകരിക്കാൻ മന്ത്രി കാണിച്ച അമിതാവേശം വ്യക്തമാക്കുന്നത് ഈ തെറ്റുകൾ ഒക്കെയും അദ്ദേഹം മനപ്പൂർവം ചെയ്തു എന്നത് തന്നെയാണ്. ഭീതിയോ പക്ഷപാതമോ പ്രീതിയോ കൂടാതെ ഭരണപരമായ ഉത്തരവാദിത്വം നിർവഹിക്കാൻ ഭരണഘടനാപരമായി ബാധ്യതപ്പെട്ട മന്ത്രിയുടെ ഈ നടപടി ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനം തന്നെയാണ്.

അതുകൊണ്ടു തന്നെ ഇനിയും മന്ത്രി ജലീൽ തൽസ്ഥാനത്ത് തുടരുന്നത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.

എത്രയും വേഗത്തിൽ മന്ത്രി ജലീൽ സ്ഥാനമൊഴിയുന്നതാണ് ഉചിതം.

വളരെ കൃത്യമായി ഗൃഹപാഠം ചെയ്ത് മന്ത്രിതലത്തിൽ നടത്തിയ ബന്ധുജന നിയമനത്തെയും മറ്റ് ഇടപെടലുകളേയും തുറന്നുകാട്ടിയ പി കെ ഫിറോസിനെയും സിദ്ദിഖ് പന്താവൂരിനെയും ഹാർദ്ദമായി അഭിനന്ദിക്കുന്നു.

Top