തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും ടീമിനും നന്ദി അറിയിച്ച് വി എം സുധീരന്‍

VM-Sudheeran-

തിരുവനന്തപുരം: ഡയബറ്റിക് മാനേജ്‌മെന്റില്‍ ശ്രദ്ധ കൊടുക്കാത്തതിനാല്‍ നടത്തിയിരുന്ന 23 ദിവസത്തെ ചികിത്സ പൂര്‍ത്തിയാക്കിയെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. തന്നെ ചികിത്സിച്ച ചികിത്സാ വിഭാഗം മേധാവി ഡോ വി എന്‍ രാധാകൃഷ്ണനും ടീമിനും നന്ദി അറിയിച്ചിരിക്കുകയാണ് സുധീരന്‍ ഇപ്പോള്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ഇരുപത്തിമൂന്ന് ദിവസമായി നടന്നുവന്നിരുന്ന ചികിത്സ ഇന്ന് തീർന്നു. അനുബന്ധ വിശ്രമം കഴിഞ്ഞ് ഇനി നവംബർ രണ്ടാം വാരത്തിൽ പ്രവർത്തനരംഗത്തേക്ക് മടങ്ങാനാകും.

കെ.പി.സി.സി പ്രസിഡണ്ട് ആയി പ്രവർത്തിച്ച കാലത്ത് ‘ഡയബറ്റിക് മാനേജ്മെൻറി’ൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാനായില്ല. അതിൻറെ ഫലമായിട്ടുള്ള അസ്വാസ്ഥ്യത്തെ തുടർന്നാണ് ചികിത്സ തേടേണ്ടി വന്നത്.

കഴിഞ്ഞ ജൂലായ് 16 ന് ആയുർവേദ കോളേജിൽ ചികിത്സ തുടങ്ങിയെങ്കിലും ചേച്ചിയുടെ മരണത്തെ തുടർന്ന് അത് മുടങ്ങി. പിന്നീടുണ്ടായ ‘ചെസ്റ്റ് ഇൻഫെക്ഷൻ’ ഉൾപ്പെടെയുള്ള ദേഹാസ്വാസ്ഥ്യങ്ങളും തുടർ ചികിത്സക്ക് തടസമായി. എന്നാൽ ഇപ്പോൾ അത് നല്ല രീതിയിൽ പൂർത്തിയാക്കാനായി.

എന്നെ ചികിത്സിച്ച കായചികിത്സാ വിഭാഗം മേധാവി ഡോ. വി എൻ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർക്കും എല്ലാ സൗകര്യങ്ങളും ചെയ്തു തന്ന സൂപ്രണ്ട് ഡോ. രഘുനാഥൻ നായർക്കും എല്ലാ വിഭാഗത്തിലും പെട്ട സ്റ്റാഫ് ഉൾപ്പെടെയുള്ള അദ്ദേഹത്തിൻ്റെ ടീമിനും നന്ദി പറയുന്നു.

അല്പം ആസൂത്രിതമായി നീങ്ങിയാൽ ഒന്നാംതരം മികവിൻ്റെ കേന്ദ്രങ്ങളായി (സെൻറർ ഓഫ് എക്സലൻസ്) പൂർണമായി തന്നെ നമ്മുടെ സർക്കാർ ആയുർവേദ കോളേജുകളെ മാറ്റിയെടുക്കാനാകും. ബഹു. ആരോഗ്യമന്ത്രി ഷൈലജ ടീച്ചറുമായി ഇന്ന് ഇതേ കുറിച്ച് സംസാരിച്ചു. വളരെ താല്പര്യമാണ് അവരുടെ ഭാഗത്തുനിന്നും ഉണ്ടായത്.

ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ആയുർവേദ വിദ്യാഭ്യാസ രംഗത്ത് വളരെയേറെ ഗുണപരമായ മാറ്റത്തിന് ഇടവരുത്തിയ ‘ഡിപ്പാർട്ട്മെൻറൽ സിസ്റ്റം’ നടപ്പിലാക്കുന്നതിന് തീരുമാനമെടുക്കാനായതിൽ അതിയായ സംതൃപ്തിയുണ്ട്. ഏറെ കാലമായി വിദ്യാർഥികളും അധ്യാപകരും വൈദ്യ വിദ്യാഭ്യാസ വിദഗ്ധരും ആവശ്യപ്പെട്ട് വന്നിരുന്ന പ്രധാന കാര്യമായിരുന്നു അത്. അതിൻറെ പ്രയോജനം നല്ല രീതിയിൽ അനുഭവപ്പെടുന്നത് കാണുമ്പോൾ വളരെ സന്തോഷമുണ്ട്.

Top