ബ്രൂവറി ചലഞ്ച്: എക്‌സൈസ് വകുപ്പിന്റെ ഉത്തരവുകള്‍ റദ്ദാക്കണമെന്ന് വി എം സുധീരന്‍

തിരുവനന്തപുരം: ബ്രൂവറിയ്ക്കും ഡിസ്റ്റിലറികള്‍ക്കും പുതുതായി നല്‍കിയ എക്‌സൈസ് വകുപ്പിന്‌റെ ഉത്തരവുകള്‍ റദ്ദാക്കണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. ഇത് ആവശ്യപ്പെട്ടു കൊണ്ട് സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

എക്സൈസ് വകുപ്പിന്റെ ഉത്തരവുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ പകർപ്പ്

30.09.2018

പ്രിയപ്പെട്ട മുഖ്യമന്ത്രി,

മദ്യലഭ്യത വർദ്ധിപ്പിക്കുന്ന നിലയിൽ പുതിയ ബ്രുവറികളും ഡിസ്റ്റിലറികളും തുടങ്ങാനും നിലവിലുള്ള ഡിസ്റ്റിലറികളുടെ ഉല്പാദന ശേഷി വർദ്ധിപ്പിക്കാനും സർക്കാർ നൽകിയ അനുമതി റദ്ദാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

മദ്യത്തിൻ്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാൻ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിക്കുകയെന്ന ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാന ലംഘനങ്ങളുടെ തുടർച്ചയാണ് ഈ നടപടി.

തികഞ്ഞ ജനവഞ്ചനയാണിത്. അതീവ രഹസ്യമായി സ്വീകരിച്ച ഈ നടപടികളിലെ ദുരൂഹത ഇതിൻ്റെയെല്ലാം പിന്നിലെ കള്ളക്കളികളാണ് വ്യക്തമാക്കുന്നത്. വ്യവസായ വകുപ്പ് അറിയാതെ ഇതിനാവശ്യമായ സ്ഥലം നൽകി എന്ന ഉത്തരവ് ഇറക്കിയ എക്സൈസ് വകുപ്പിൻ്റെ നടപടി ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. എന്തോ എവിടെയോ ചീഞ്ഞുനാറുന്നു എന്ന ജനങ്ങൾ ചിന്തിക്കുന്ന അവസ്ഥയാണ് വന്നിട്ടുള്ളത്. ഇക്കാര്യത്തിൽ അഴിമതി നടന്നു എന്ന് ഏവരും വിശ്വസിക്കുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.

ദുർബലമായ വാദങ്ങളുയർത്തി എക്സൈസ് വകുപ്പിൻ്റെ തെറ്റായ ഉത്തരവുകളെ ന്യായീകരിക്കുന്നതിന് വിഫലമായ ശ്രമം നടത്തുന്നതിന് പകരം ഉടനടി പ്രസ്തുത ഉത്തരവുകൾ റദ്ദാക്കുകയാണ് വേണ്ടത്.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പുറത്തുവരണം. അതിനായി ഒരു ജുഡീഷ്വൽ അന്വേഷണം നടത്തിയേ മതിയാകൂ. ഹൈക്കോടതി സിറ്റിംഗ് ജഡ്ജി തന്നെ അന്വേഷിക്കുന്നതാണ് ഉചിതം.

തെറ്റായ ഈ നടപടിക്ക് ശുപാർശ ചെയ്ത് റിപ്പോർട്ട് നൽകിയ എക്സൈസ് കമ്മീഷണർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കണം. തെറ്റുചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം.

ഇതോടൊപ്പം അതീവ ഗുരുതരമായ മറ്റൊരു കാര്യം കൂടി ശ്രദ്ധയിൽ പെടുത്തുന്നു.

മദ്യലഭ്യത വർദ്ധിപ്പിക്കുന്ന എക്സൈസ് വകുപ്പിൻ്റെ ഈ നടപടി വൻ ജലചൂഷണത്തിനും പാരിസ്ഥിക ആഘാതങ്ങൾക്കും ഇടവരുത്തും. 3 ബ്രുവറികൾക്കും ഡിസ്റ്റിലറികൾക്കുമായി തന്നെ ഉല്പാദനത്തിനും വൃത്തിയാക്കലിനുമായി മാസം 170 ലക്ഷം ലിറ്റർ വെള്ളം വേണ്ടിവരുമെന്നാണ് മാധ്യമ റിപ്പോർട്ട് വന്നത്.

വലിയ ജലചൂഷണത്തിനെതിരെ പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിക്കെതിരെ നടന്ന ജനകീയസമരം മൂലം ആ കമ്പനി അടച്ചുപൂട്ടിയത് സർക്കാർ വിസ്മരിച്ചത് വലിയ വീഴ്ച തന്നെയാണ്.

നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളെല്ലാം പരിസ്ഥിതി സൗഹൃദമായിരിക്കുമെന്ന ബഹു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തന്നെ പാഴായി പോകുന്ന നടപടിയാണ് എക്സൈസ് വകുപ്പിൻ്റേത്.

അതിഗുരുതരമായ പ്രകൃതിക്ഷോഭത്തിൻ്റെ കെടുതികളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന കേരളീയജനതയുടെ മേൽ സർക്കാർ തന്നെ ദുരിതം അടിച്ചേൽപ്പിക്കുന്ന ഇത്തരം സംരംഭങ്ങളിൽ നിന്നും സർക്കാർ പിന്തിരിയണം. എക്സൈസ് വകുപ്പിൻ്റെ ഇതു സംബന്ധിച്ച എല്ലാ ഉത്തരവുകളും ഉടനടി റദ്ദാക്കിയേ മതിയാകൂ.

സ്നേഹപൂർവ്വം

വി.എം.സുധീരൻ

ശ്രീ. പിണറായി വിജയൻ
ബഹു. മുഖ്യമന്ത്രി

പകർപ്പ്:
ശ്രീ. ടി.പി. രാമകൃഷ്ണൻ
ബഹു. എക്സൈസ് വകുപ്പ് മന്ത്രി

ശ്രീ. ഇ.പി. ജയരാജൻ
ബഹു. വ്യവസായ വകുപ്പ് മന്ത്രി

Top