‘പോരാളി ഷാജി’ക്കെതിരേ പരാതിയുമായി വി.എം. സുധീരൻ

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തന്റെ ചിത്രംവെച്ച് അപകീർത്തികരമായ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതിനെതിരേ പരാതിയുമായി കോൺഗ്രസ് നേതാവ് വി.എം. സുധീരൻ.  സംസ്ഥാന പോലീസ് മേധാവിക്കും ചീഫ് ഇലക്ടറൽ ഓഫീസർക്കുമാണ് സുധീരൻ പരാതി നൽകിയത്.

എടതിരിഞ്ഞി വായനശാല ചർച്ചാവേദി, ‘പോരാളി ഷാജി’ എന്നീ ഫെയ്‌സ്ബുക്ക് പേജുകളിലാണ് തന്റെ പേരിൽ അപകീർത്തികരമായ പ്രസ്താവനകളുള്ളതെന്ന് സുധീരന്റെ പരാതിയിൽ പറയുന്നു.ഇത് വാർത്തയായി നൽകിയ ഓൺലൈൻ മാധ്യമത്തിനെതിരേയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത് യഥാർഥമല്ലെന്നും ഇത്തരത്തിലൊരു പ്രസ്താവന താൻ നടത്തിയിട്ടില്ലെന്നും സുധീരന്റെ പരാതിയിൽ പറയുന്നു. വാസ്തവ വിരുദ്ധമായ ഈ പോസ്റ്റുകൾ നീക്കംചെയ്യണമെന്നും ഉത്തരവാദികൾക്കെതിരേ കർശനനടപടി സ്വീകരിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. പരാതി അന്വേഷിക്കാൻ ഡി.ജി.പി.ക്ക് നിർദേശം നൽകിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു.

Top