വ്ളോഗർ റിഫ മെഹ്‍നുവിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മോർട്ടം

കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്റെ  മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തുകയാണ് ലക്ഷ്യം. റിഫയുടെ വീടിന് സമീപത്തെ കാക്കൂർ പാവണ്ടൂർ ജുമ മസ്ജിദ് ഖബർസ്ഥാനിൽ അടക്കിയ മൃതദേഹം രാവിലെ 10 മണിയോടെയാണ് പുറത്തെടുക്കുക. തഹസിൽദാരുടെ സാന്നിധ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് സർജൻമാർ പോസ്റ്റ്മോർട്ടവും ആന്തരികാവയവങ്ങളുടെ രാസപരിശോധനയും നടത്തും. തുടരന്വേഷണത്തിൽ നിർണയകമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. റിഫയുടെ മരണത്തിൽ ഭർത്താവിനും സുഹൃത്തിനും പങ്കുണ്ടെന്ന നിലപാടിലാണ് കുടുംബാംഗങ്ങൾ. റിഫയുടെ മാതാപിതാക്കളുടെ പരാതിയിൽ ഭർത്താവിനെതിരെ കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസന്വേഷത്തിൻറെ ഭാഗമായാണ് നടപടി.

മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ അനുമതി വേണമെന്ന അന്വേഷണസംഘത്തിൻറെ ആവശ്യം ആർഡിഒ കഴിഞ്ഞ ദിവസമാണ് അംഗീകരിച്ചത്. റിഫ മെഹ്നുവിൻറെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ അന്വേഷണ സംഘം ആർ ഡി ഒയ്ക്ക് അപേക്ഷ നൽകിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ താമരശേരി ഡിവൈഎസ്പിയാണ് അപേക്ഷ നൽകിയത്. ഭർത്താവ് മെഹ്നാസിനെതിരായ കേസന്വേഷണത്തിൻറെ ഭാഗമായാണ് നടപടി. റിഫയുടെ വീടിന് സമീപത്തെ പള്ളി കബറിസ്ഥാനിൽ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോ‍ർട്ടം നടത്താനാണ് അന്വേഷണ സംഘത്തിന് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്.

Top