ലൈംഗീക അതിക്രമ കേസ്; വ്ളോഗര്‍ മല്ലു ട്രാവലറെ ചോദ്യം ചെയ്ത് പൊലീസ്

കൊച്ചി: സൗദി യുവതി നല്‍കിയ ലൈംഗികാതിക്രമ കേസില്‍ മല്ലു ട്രാവലര്‍ എന്ന് അറിയപ്പെടുന്ന വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെ പൊലീസ് ചോദ്യം ചെയ്യുന്നു. ഹൈക്കോടതി ഉപാധികളോടെ ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയതിന് പിന്നാലെയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസില്‍ ഷാക്കിര്‍ സുബ്ഹാന്‍ ഹാജറായത്. അന്വേഷണവുമായി സഹകരിക്കണം, പാസ്‌പോര്‍ട്ട് ഹാജരാക്കണം, കേരളം വിട്ട് പുറത്ത് പോകരുത് എന്നിവയാണ് ജാമ്യ ഉപാധികള്‍. യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഷാക്കിര്‍ സുബ്ഹാന്‍ വിദേശത്തേക്ക് കടന്നിരുന്നു.

സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13 ന് അഭിമുഖത്തിനായി എത്തിയപ്പോള്‍ എറണാകുളത്തെ ഹോട്ടലില്‍ വച്ച് ഷാക്കിര്‍ സുബ്ഹാന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് സൗദി വനിതയുടെ പരാതിയില്‍ പറയുന്നത്. ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലര്‍ ഷക്കീര്‍ സുബാന്‍ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പിന്നീട് പ്രതിശ്രുത വരന്‍ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീര്‍ സുബാന്‍ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്.

Top