ഉടമ്പടികളില്‍ നിന്ന് യുക്രൈന്‍ പിന്നോട്ടു പോയി, സമാധാനചര്‍ച്ചകളുടെ വഴിയടഞ്ഞെന്നും പുതിന്‍

മോസ്‌കോ/കീവ്: യുക്രൈന്‍ യുദ്ധത്തില്‍ സമാധാനചര്‍ച്ചകളുടെ വഴി അടഞ്ഞതായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍. തുര്‍ക്കിയിലുണ്ടാക്കിയ ഉടമ്പടികളില്‍നിന്ന് യുക്രൈന്‍ പിന്നോട്ടു പോയതാണ് ഇതിനു കാരണമെന്നും പുതിന്‍ ചൂണ്ടിക്കാട്ടി. യുക്രൈന്‍ അധിനിവേശത്തിന് സഹായം നല്‍കുന്ന ബെലാറുസ് പ്രസിഡന്റ് അലെക്‌സാണ്ടര്‍ ലുകാഷെങ്കോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു പ്രതികരണം.

സൈനികദൗത്യം നേരത്തേ നിശ്ചയിച്ചപ്രകാരം പുരോഗമിക്കുന്നുണ്ട്. നാശനഷ്ടങ്ങള്‍ കുറച്ചുകൊണ്ട് ലക്ഷ്യങ്ങള്‍ നേടിയെടുക്കുകയാണ് യുക്രൈനില്‍ റഷ്യ ഉദ്ദേശിക്കുന്നത്. പോരാട്ടങ്ങളുടെ തീവ്രത അനുസരിച്ചാകും സൈനിക ദൗത്യത്തിന്റെ അവസാനമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയുടെ സാന്പത്തികമേഖല നന്നായിത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഉപരോധങ്ങള്‍ക്ക് റഷ്യ നല്‍കുന്ന തിരിച്ചടി ദീര്‍ഘകാലത്തെ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. പാശ്ചാത്യരാജ്യങ്ങള്‍ സാമാന്യബുദ്ധി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പുതിന്‍ പറഞ്ഞു. യുക്രൈന്‍ പട്ടണമായ ബുച്ചയില്‍നിന്ന് പുറത്തുവന്ന മൃതദേഹങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു.

Top