അറസ്റ്റ് ചെയ്യാൻ സാധ്യത; ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിയിൽ പുട്ടിന്‍ പങ്കെടുക്കില്ല

മോസ്‌കോ : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സൂചന. ക്രെംലിൻ വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാർത്ത ഏജൻസിയാണ് പുട്ടിൻ ജി20 ഉച്ചകോടിയിൽ നിന്നു വിട്ടുനിൽക്കുമെന്ന് റിപ്പോർട്ട് ചെയ്തത്.

രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നതിനാൽ മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നത് അറസ്‌റ്റിന് ഇടയാക്കുമെന്ന് കണ്ടാണ് പുട്ടിന്റെ പിൻമാറ്റം. അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ വീഡിയോ കോൺഫറൻസിങ് മുഖേനയാണ് പുട്ടിൻ പങ്കെടുത്തത്. ബ്രിക്സിൽ റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവ് ആണ് പുട്ടിന്റെ പ്രതിനിധീകരിച്ചത്.

യുക്രെയ്‌നിൽ നിന്നു അനധികൃതമായി കുട്ടികളെ റഷ്യയിലേക്ക് കടത്തിയതിനാണ് പുട്ടിനെതിരെ അറസ്റ്റ് വാറന്റ് ഐസിസി പുറപ്പെടുവിച്ചത്. ഇതോടെ ഐസിസി അംഗത്വമുള്ള രാജ്യങ്ങളിലേക്ക് പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യപ്പെടും. തുടർന്ന് ഹേഗിൽ കോടതിയിൽ പുട്ടിനെ ഹാജരാക്കി വിചാരണ നടത്തും. ഏതെങ്കിലും രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലിരിക്കെ ഐസിസിയുടെ അറസ്റ്റ് വാറന്റ് ലഭിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് പുട്ടിൻ. അടുത്ത മാസം ആദ്യം ഡൽഹിയിലാണ് ജി20 ഉച്ചകോടി.

Top