Vladimir Putin accuses Soviet founder Lenin of ruining Russia

മോസ്‌കോ: സോവിയറ്റ് യൂണിയന്‍ സ്ഥാപകനായ വ്‌ളാഡിമര്‍ ലെനിനെ വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ രംഗത്ത്. രാജ്യത്തെ തകര്‍ക്കാനുതകുന്ന ഒരു ‘ടൈം ബോംബ്’ റഷ്യയില്‍ സ്ഥാപിച്ചാണ് ലെനിന്‍ മണ്‍മറഞ്ഞതെന്ന് പുടിന്‍ ആരോപിച്ചു.

വംശീയ വഴികളില്‍ ഭരണനിര്‍വഹണത്തിന്റെ അതിരുകള്‍ സ്ഥാപിച്ച് തീര്‍ത്തും അപകടകരമായ ഒരു ‘ടൈം ബോംബ്’ രാജ്യത്ത് ലെനിന്‍ സ്ഥാപിച്ചു. സോവിയറ്റ് യൂണിയന്റെ അതിര്‍ത്തികള്‍ തോന്നിയതരത്തിലാണ് ലെനിനും സര്‍ക്കാരും വരച്ചതെന്നും പുടിന്‍ ആരോപിച്ചു.

റഷ്യയില്‍ കമ്യൂണിസ്റ്റുകളുള്‍പ്പെടെയുള്ളവര്‍ക്കിടയില്‍ ഇപ്പോഴും സ്വാധീനമുള്ള ലെനിനെതിരെ പുടിന്‍ പരസ്യ നിലപാട് സ്വീകരിച്ച് രംഗത്തെത്തിയ നീക്കം അസാധാരണമാണ്. തന്നെ പിന്തുണയ്ക്കുന്നവരില്‍ ചിലരെയെങ്കിലും പിണക്കുമെന്നതിനാല്‍ റഷ്യന്‍ ചരിത്രവുമായി ബന്ധപ്പെട്ടുയരുന്ന ചോദ്യങ്ങള്‍ക്ക് അളന്നുതൂക്കി മാത്രമാണ് പുടിന്‍ മറുപടി നല്‍കാറുള്ളത്.

അതേസമയം, റെഡ് സ്‌ക്വയര്‍ ശവകുടീരത്തില്‍ നിന്ന് ലെനിന്റെ മൃതദേഹം നീക്കുന്നതിന് സര്‍ക്കാരിനു യാതൊരു ഉദ്ദേശ്യവും ഇല്ലെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. അത്തരം നടപടികള്‍ സമൂഹത്തെ വിഭജിക്കുമെന്നതിനാലാണിത്. സ്റ്റാവ്‌റോപോള്‍ നഗരത്തില്‍ ക്രെംലിന്‍ അനുകൂലികളുടെ യോഗത്തില്‍ സംസാരിക്കവെയാണ് പുടിന്റെ അഭിപ്രായപ്രകടനം.

യോഗത്തില്‍ ലെനിനെക്കുറിച്ചുള്ള പുടിന്റെ നിരീക്ഷണങ്ങളിലധികവും റഷ്യന്‍ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം താഴ്ത്തിക്കെട്ടുന്നതായിരുന്നു. റഷ്യയിലെ അവസാനത്തെ സാര്‍ ചക്രവര്‍ത്തിയെ കുടുംബത്തോടും പരിചാരകരോടുമൊപ്പം ക്രൂരമായി ലെനിന്‍ കൊലപ്പെടുത്തിയതിനെയും പുടിന്‍ വിമര്‍ശിച്ചു. ഇവരെക്കൂടാതെ ആയിരക്കണക്കിനു പുരോഹിതന്‍മാരെയും ലെനിന്‍ കൊന്നൊടുക്കിയിരുന്നു

Top