ഹിറ്റടിച്ച് കൊതുകിനെ കൊന്നു, ഇനി കൊന്ന കൊതുകുകളുടെ കണക്കെടുക്കണോ: വി.കെ സിങ്

ന്യൂഡല്‍ഹി: ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ കൊല്ലപ്പെട്ടവരുടെ കണക്ക് ചോദിച്ച് രംഗത്തെത്തിയ പ്രതിപക്ഷത്തിനെതിരെ രൂക്ഷ പരിഹാസവുമായി കേന്ദ്ര മന്ത്രി വി.കെ സിങ്. കൊല്ലപ്പെട്ടവരുടെ കണക്കിനെ കൊന്ന കൊതുകുകളോട് ഉപമിച്ച് കൊണ്ടാണ് വി.കെ സിങ് പരിഹാസമുന്നയിച്ചത്.

‘പുലര്‍ച്ച മൂന്നരയ്ക്ക് അവിടെ നിറയെ കൊതുകുകളുണ്ടായിരുന്നു. ഞാന്‍ ഹിറ്റ് സ്പ്രേ ഉപയോഗിച്ച് അവയെ കൊന്നു. ഇനി ഉറങ്ങണോ അതോ കൊന്ന കൊതുകുകളുടെ കണക്കെടുക്കണോ?’- വി.കെ സിങ് ട്വീറ്റ് ചെയ്തു.

മുന്‍പ് ബാലാകോട്ട് വ്യോമാക്രമണത്തിന് തെളിവ് ചോദിക്കുന്ന കോണ്‍ഗ്രസിന്റെ നിലപാടിനെ സമയം നഷ്ടപ്പെടുത്തുന്ന വ്യായാമം എന്ന് പറഞ്ഞ് വി.കെ സിങ് തള്ളിക്കളഞ്ഞിരുന്നു. തെളിവുകള്‍ തരാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ വി.കെ സിങ് 1947 ന് ശേഷമുള്ള ഏതെങ്കിലും യുദ്ധങ്ങളെ കുറിച്ചുള്ള തെളിവുകള്‍ ആര്‍ക്കെങ്കിലും ലഭിച്ചിട്ടുണ്ടോ എന്നും ചോദിച്ചിരുന്നു.

Top