വിഴിഞ്ഞത്തിൽ സമവായത്തിന് ഊർജ്ജിത ശ്രമം; മുഖ്യമന്ത്രിയുടെ അടിയന്തര യോഗം വൈകീട്ട്

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ സമവായ നീക്കത്തിന് സർക്കാർ ശ്രമം ഊർജ്ജിതമായി. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരുടെ യോഗം വിളിച്ചു. വിഴിഞ്ഞം വിഷയത്തിൽ ചർച്ചകൾ നടത്തിയ മന്ത്രിമാരെയാണ് യോഗത്തിന് ക്ഷണിച്ചത്. വൈകീട്ട് അഞ്ചുമണിക്കാണ് യോഗം ചേരുക.

മന്ത്രിസഭ ഉപസമിതി യോഗം ചേർന്നതിനു ശേഷം ഇന്നു തന്നെ സമരസമിതിയുമായി ചർച്ച നടത്തിയേക്കുമെന്നാണ് സൂചന. മന്ത്രി ആന്റണി രാജു കർദിനാൾ മാർ ക്ലിമീസ് കാതോലിക്കബാവയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ ക്ലിമ്മീസ് കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ ചില അനുരഞ്ജന ചർച്ചകൾ നടന്നിരുന്നു. ഇതിൽ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, മോൺസിഞ്ഞോർ യൂജിൻ പെരേര തുടങ്ങിയവരും പങ്കെടുത്തിരുന്നു.

വീട് ഒഴിഞ്ഞതിനെത്തുടർന്ന് വാടക വീട്ടിൽ താമസിക്കുന്നവർക്ക് 5500 രൂപ വാടക നൽകാമെന്നാണ് സർക്കാർ നേരത്തെ നൽകിയിരുന്ന വാഗ്ദാനം. ഇത് പോരാ, 2500 രൂപ കൂടി കൂട്ടി നൽകണമെന്നാണ് ഉയർന്നു വന്നിട്ടുള്ള ഒരു ആവശ്യം. അദാനി ഗ്രൂപ്പിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നും ഈ തുക സർക്കാർ വാങ്ങി തൊഴിലാളികൾക്ക് നൽകുക എന്ന നിർദേശമാണ് സർക്കാരിന് മുന്നിലുള്ളത്.

വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അതിൽ ഉടൻ തീരുമാനം ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. എന്നാൽ കടുത്ത നടപടിയിലേക്ക് പോകില്ലെന്ന് സർക്കാർ ലത്തീൻ അതിരൂപതയ്ക്ക് വാ​ഗ്ദാനം നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. തീരശോഷണം പഠിക്കുന്ന സർക്കാർ നിയോഗിച്ച സമിതിയിൽ പ്രാദേശിക വിദഗ്ധരെ കൂടി ഉൾപ്പെടുത്തണമെന്നും ലത്തീൻ അതിരൂപത ആവശ്യപ്പെടുന്നുണ്ട്.

തീരശോഷണം പഠിക്കുന്നതിന് സമരസമിതിയും ഒരു പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുമായി സർക്കാർ നിയോഗിച്ച സമിതി ചർച്ച ചെയ്ത് പരിഹാരം കണ്ടെത്താമെന്നാണ് സർക്കാർ തലത്തിൽ ഉയർന്നു വന്നിട്ടുള്ള മറ്റൊരു നിർദേശം. മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി സമരസമിതി വൈകീട്ട് മൂന്നുമണിക്ക് വെള്ളയമ്പലം ബിഷപ്പ് ഹൗസിൽ യോഗം ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.

Top