വിഴിഞ്ഞം സമരസമിതിയുമായി നാളെ വീണ്ടും സര്‍ക്കാര്‍ ചര്‍ച്ച

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. നാളെ രാവിലെ പതിനൊന്ന് മണിക്ക് സമരസമിതിയുമായി മന്ത്രിതല ഉപസമിതി ചർച്ച നടത്തും. നേരത്തെ നാലുതവണ സമരസമിതിയുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.

തുറമുഖ നിർമാണം നിർത്തിവച്ച് സാമൂഹിക ആഘാത പഠനം നടത്തണമെന്നത് ഉൾപ്പെടെ ഏഴ് ഇന ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നാണ് സമര സമിതിയുടെ തീരുമാനം. ഇന്നലെ സമരമസമിതി ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സമരം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താമെന്ന് ഗവർണർ ഉറപ്പ് നൽകിയതായും കൂടിക്കാഴ്ചയ്ക്ക് ശേഷം സമരസമിതി നേതാക്കൾ വ്യക്തമാക്കിയിരുന്നു.

അതേസമയം വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണം നിർത്തിവെക്കില്ലെന്നാണ് സർക്കാരിന്റെ നിലപാട്. സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുകയാണെന്നും അതിനിടെ സമരം തുടരുന്നത് ശരിയല്ലെന്നുമാണ് സർക്കാർ പറയുന്നത്.

വിഴിഞ്ഞത്തെ സമരപ്പന്തൽ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം നോട്ടീസ് നൽകിയിരുന്നു.

Top