വിഴിഞ്ഞം ചര്‍ച്ച നാലാം തവണയും പരാജയം; സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് സമരസമിതി

തിരുവനന്തപുരം:വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ സമരസമിതിയുമായി മന്ത്രിസഭ ഉപസമതി നടത്തിയ ചർച്ച പരാജയം. ഉന്നയിച്ച് ആവശ്യങ്ങളിലൊന്നും തീരുമാനമായില്ലെന്ന് സമരസമിതി അറിയിച്ചു. പ്രതിഷേധം സംസ്ഥാന വ്യാപകമാക്കുമെന്നും സമരസമിതി നേതാവ് യൂജിൻ പെരേര പറഞ്ഞു. ഇത് നാലാം തവണയാണ് സമരസമിതിയുമായി സർക്കാർ ചർച്ച നടത്തുന്നത്.

സമരസമിതി മുന്നോട്ടുവച്ച ഒരു കാര്യത്തിലും കൃത്യമായ തീരുമാനം ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ പ്രതികരണം തങ്ങളെ ആക്ഷേപിക്കുന്ന തരത്തിലാണ് ഉണ്ടായത്. സമരം സംസ്ഥാന വ്യാപകമാക്കാനാണ് സമരസമിതിയുടെ തീരുമാനം. ആദ്യഘട്ടം മൂലമ്പള്ളിയിൽ നിന്ന്. പിന്നെ ചെല്ലാനം, കൊച്ചി, ആലപ്പുഴ, കൊല്ലം..,.ഇങ്ങനെ വ്യാപിപ്പിക്കുമെന്നും യൂജിൻ പേരേര പറഞ്ഞു.

അതേസമയം വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണം നിർത്തിവെക്കില്ലെന്ന് മന്ത്രി വി അബ്ദുൾ റഹിമാൻ പറഞ്ഞു. സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുകയാണെന്നും അതിനിടെ സമരം തുടരുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമരസമിതി മുന്നോട്ടുവച്ച ഏഴ് കാര്യങ്ങളും പരിഗണിച്ചു. അതിൽ ഒരു കാര്യം മണ്ണെണ്ണയുടെ കാര്യമാണ്. അത് പൂർണമായും കേന്ദ്രസർക്കാരിന്റെ കീഴിലാണ്. അതിന് പകരം സംവിധാനം ഏർപ്പെടുത്താമെന്ന് അറിയിച്ചു. പോർട്ടിന്റെ നിർമ്മാണം നിർത്തിവച്ച് ഒരു പഠനത്തിനും കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

Top