വിഴിഞ്ഞം സമരം: സർക്കാരിനെ വിമർശിച്ച് ഗൗതം അദാനി

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട സമരത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഗൗതം അദാനി കമ്പനി. പോലീസ് സംരക്ഷണം നൽകാനുള്ള കോടതി ഉത്തരവിന് സർക്കാർ പുല്ലുവിലയാണ് നൽകുന്നത് എന്ന് അദാനി വിമർശിച്ചു. ഇപ്പോഴും നിർമ്മാണത്തിന് തടസ്സം നിൽക്കുകയാണ്. രണ്ടര മാസം ആയിട്ടും ഒരു മാറ്റവും ഇല്ലെന്നും അദാനി ഗ്രൂപ്പ് കോടതിയിൽ പറഞ്ഞു.

സംസ്ഥാന സർക്കാർ സംവിധാനങ്ങളെ ബന്ധനസ്ഥരാക്കി വിലപേശാൻ കഴിയില്ലെന്ന് സമരക്കാരോട് കോടതി വ്യക്തമാക്കി. അത്തരം മാർഗ തടസ്സം അനുവദിക്കാൻ ആവില്ല. രാഷ്ട്രീയം കളിയ്ക്കാൻ ആരെയും അനുവദിക്കില്ലെന്നും കോടതി നിലപാടെടുത്തു. ചർച്ച തുടരുകയാണെന്നു സമരക്കാർ പറഞ്ഞു. ചർച്ച നല്ലതാണെന്നും എന്നാൽ ക്രമസമാധാനം ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സമരപ്പന്തൽ സമരക്കാർ മാറ്റിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. സമരപ്പന്തൽ പൊളിക്കാനും വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് സുരക്ഷ ഒരുക്കാനും കോടതി സർക്കാരിന് വീണ്ടും നിർദ്ദേശം നൽകി. ഇത് രണ്ടും ചെയ്ത് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനും ആവശ്യപ്പെട്ടു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

Top