വിഴിഞ്ഞം സമരം: ഇന്ന് സർവകക്ഷിയോ​ഗം; നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം രൂക്ഷമായിരിക്കെ, സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 ന് സെക്രട്ടേറിയറ്റിൽ വെച്ചാണ് യോ​ഗം. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ എന്നിവർക്ക് പുറമെ കലക്ടറും തിരുവനന്തപുരം മേയറും സമരത്തിന് നേതൃത്വം നൽകുന്ന ലത്തീൻ അതിരൂപതയുമായി ചർച്ച നടത്തും.

ഫിഷറീസ് മന്ത്രി വി അബ്ദു റഹിമാനും പങ്കെടുത്തേക്കും. പുനരധിവാസ പദ്ധതികളടക്കം അതിരൂപതയുടെ ആവശ്യങ്ങൾ ഓരോന്നും പ്രത്യേകമായി ചർച്ചക്കെടുക്കും. അതേസമയം വിഴിഞ്ഞം തുറമുഖ സമരം നിയമസഭയിൽ ഉന്നയിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. ഇന്ന് അടിയന്തര പ്രമേയമായി വിഷയം നിയമസഭയിൽ എത്തിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടു വീടുകൾ നഷ്ടമായ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പുനരധിവാസത്തിനായി മുട്ടത്തറയിൽ 10 ഏക്കർ സ്ഥലം വിട്ടുനൽകാമെന്ന് ഇന്നലെ ചേർന്ന മന്ത്രിസഭാ ഉപസമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. നഗരസഭയുടെ രണ്ട് ഏക്കർ സ്ഥലവും കൂടി ഏറ്റെടുത്തു ഫ്ലാറ്റുകൾ നിർമിച്ച് 3000 മത്സ്യത്തൊഴിലാളികളെ പാർപ്പിക്കാമെന്നാണ് നിർദേശം.

മന്ത്രിസഭാ ഉപസമിതിയും ഇന്ന് മസരക്കാരുമായി ചർച്ച നടത്തുന്നുണ്ട്. തുടര്‍ന്ന് മുഖ്യമന്ത്രിയും സമരസമിതിയും തമ്മിലുള്ള ചര്‍ച്ചയും നടന്നേക്കും. സമരത്തിന്റെ ഏഴാം ദിവസമായ ഇന്നലെ ഒരേസമയം കരയും കടലും രണ്ടു മണിക്കൂറോളം ഉപരോധിച്ച് വൻ പ്രതിഷേധമാണു സംഘടിപ്പിച്ചത്. ആവശ്യങ്ങൾ നടപ്പാക്കുന്നതു വരെ സമരം തുടരുമെന്നു സമരസമിതി അറിയിച്ചു.

Top