വിഴിഞ്ഞം സമരം: അതീവ സുരക്ഷാമേഖലയിലേക്ക് ഇരച്ചുകയറി പ്രതിഷേധക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം കടുത്ത പ്രതിഷേധത്തിലേക്ക്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ പ്രതിഷേധക്കാര്‍ തള്ളിയിട്ട് പ്രതിഷേധക്കാര്‍ അതീവ സുരക്ഷാമേഖലയിലേക്ക് ഇരച്ചുകയറി. തുറമുഖകോമ്പൗണ്ടിനുള്ളില്‍ പ്രതിഷേധക്കാർ കൊടികുത്തി.സ്ത്രീകളുടക്കമുള്ള നിരവധി പേരാണ് സമരത്തിന്‍റെ നാലാം ദിവസം തുറമുഖ കവാടത്തിനടുത്തേക്ക് പ്രതിഷേധവുമായി എത്തിയത്. കഴിഞ്ഞദിവസങ്ങളില്‍ നടന്നതിനേക്കാള്‍ രൂക്ഷമായ പ്രതിഷേധത്തിനാണ് ഇന്ന് വിഴിഞ്ഞം തുറമുഖം സാക്ഷ്യം വഹിച്ചത്.

തുറമുഖ കവാടത്തിന് മുകളിൽ പ്രതിഷേധക്കാർ കൊടിനാട്ടുകയും ചെയ്തു. പള്ളം ലൂർദ്പുരം, അടിമലത്തുറ, കൊച്ചു പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ഇന്ന് സമരവേദിയിലേക്ക് എത്തിയത്.

അതേസമയം, സമരം ചെയ്യുന്നവരുമായി മന്ത്രിതല ചർച്ച ഇന്നു നടന്നേക്കും. ഡൽഹിയിൽ നിന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാൻ ഇന്ന് മടങ്ങിയെത്തിയതിനു ശേഷം ചർച്ചയ്ക്കുള്ള സ്ഥലവും സമയവും നിശ്ചയിക്കും. ചർച്ചയ്ക്ക് സമ്മതമാണെന്ന് ലത്തീൻ അതിരൂപത ഇന്നലെ അറിയിച്ചിരുന്നു.മത്സ്യത്തൊഴിലാളികൾ സമരം കടുപ്പിച്ചതോടെയാണ് സർക്കാർ ചർച്ചക്ക് മുൻകൈയെടുത്തത്. ചർച്ചയിൽ പങ്കെടുക്കാൻ സന്നദ്ധരാണെന്ന് ലത്തീൻ സഭ അറിയിച്ചെങ്കിലും സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം.

തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറലും സമരസമിതി കൺവീനറുമായ ഫാദർ യൂജിൻ പെരേരയുമായിട്ടാണ് മന്ത്രി ഫോണിൽ സംസാരിച്ചത്. മത്സ്യത്തൊഴിലാളികൾക്ക് അനുകൂലമായ സമീപനം സർക്കാരിൽനിന്ന് ഉണ്ടാകുന്നത് വരെ സമരമുഖത്ത് തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. ചർച്ചയെ ലത്തീൻ രൂപത സ്വാഗതം ചെയ്‌തെങ്കിലും മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ഏഴ് ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

Top