വിഴിഞ്ഞം കരാര്‍ എല്ലാം വളരെ സുതാര്യമായിട്ടാണ് ചെയ്തതെന്ന് ഉമ്മന്‍ചാണ്ടി

oommen chandy

തിരുവനന്തപുരം: വിഴിഞ്ഞം കരാറിന്റെ നടത്തിപ്പ് ആദ്യം മുതല്‍ അവസാനം വരെ വളരെ സുതാര്യമായിട്ടാണ് ചെയ്തതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഏറ്റവും സമര്‍ത്ഥരായ ഉദ്യോഗസ്ഥരുടേയും വിഴിഞ്ഞം പ്രദേശത്തെ ജനങ്ങളുടെ എല്ലാ പിന്തുണയും സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ശക്തി നല്‍കിയത് നന്ദിയോടെ സ്മരിക്കുന്നു.

നല്ല കാര്യങ്ങള്‍ സുതാര്യമായി ചെയ്യുമ്പോഴും അത് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനും ഉണ്ടെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.

സിഎജിയുടെ കണ്ടെത്തലുകള്‍ ജനങ്ങളില്‍ സംശയം ഉണര്‍ത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഇതിനെ ഗൗരവമായി കാണുന്നു എന്നും, അതെല്ലാം പരിശോധിക്കും എന്നും പറഞ്ഞതിനെ ഞാന്‍ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നു. എത്രയും വേഗത്തില്‍ അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇരുപത്തിയഞ്ച് കൊല്ലമായിട്ട് വിഴിഞ്ഞം കരാര്‍ ഉണ്ടാക്കാന്‍ വേണ്ടി കേരള സര്‍ക്കാര്‍ നടത്തുന്ന അഞ്ചാമത്തെ പരിശ്രമമാണ് ഇപ്പോള്‍ അദാനി ഏറ്റെടുത്ത വിഴിഞ്ഞം പദ്ധതി.
ആദ്യം 1991 96ല്‍, ശ്രി കെ കരുണാകരന്‍ മന്ത്രിസഭയില്‍, ശ്രി എം.വി രാഘവന്‍ തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കാലത്തായിരുന്നു ആദ്യത്തെ പരിശ്രമം. അന്ന് കുമാര്‍ ഗ്രൂപ്പ്, വിഴിഞ്ഞം പദ്ധതി ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു മുന്‍പോട്ടു വന്നു, ഇവിടെ ഓഫീസ് തുടങ്ങുകവരെ ചെയ്തു. പക്ഷേ, പിന്നീട് വന്ന ഇടതുമുന്നണി താല്പര്യം കാണിക്കാതിരുന്നതു കൊണ്ട് അവര്‍ ഓഫീസ് പൂട്ടി പോയി. പിന്നീട് 2004ല്‍ ശ്രീ എ.കെ ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് തുടങ്ങിവച്ച്, പിന്നീട് ഞാന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ടെന്‍ഡര്‍ ചെയ്തു. സൂം എന്ന കന്പനി മുന്‍പോട്ടു വരുകയും ചെയ്തു, പക്ഷേ അവരുടെ പ്രധാന പങ്കാളികള്‍ ചൈനീസ് കന്പനി ആയിരുന്നതിനാല്‍ സെക്യൂരിറ്റി ക്ലീറന്‍സ് ലഭിച്ചില്ല. അതാണ് രണ്ടാമത്തെ ശ്രമവും ഒന്നാമത്തെ ടെണ്ടറും. 2007ല്‍ ശ്രീ വി.എസ് അച്ചുദാനന്തന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്തായിരുന്നു രണ്ടാമത്തെ ടെന്‍ഡര്‍. അന്ന് ലാന്‍കൊ കന്പനി ടെന്‍ഡര്‍ ഏറ്റെടുത്തെങ്കിലും കോടതി ഇടപെട്ട് ആ കരാര്‍ റദ്ദ് ചെയ്തത്. അതിന് ശേഷം, 2010ല്‍ ശ്രി അച്ചുദാനന്തന്റെ കാലത്തു തന്നെ Intnl Finance Corpn(IFC) ന്റെ ഉപദേശം സ്വീകരിച്ച് ബിഡ്ഡിങ് ഡോക്യുമെന്റും കണ്‍സെഷന്‍ എഗ്രിമെന്റും തയ്യാറാക്കി, അതിന്റെ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ വിളിച്ചു, പക്ഷേ അത് സിംഗിള്‍ ടെന്‍ഡര്‍ ആയതിന്റെ പേരില്‍, അന്നും നടന്നില്ല. അതിന് ശേഷമാണ് അഞ്ചാമത്തെ ശ്രമം, നാലാമത്തെ ടെന്‍ഡറിന് 2013ല്‍ ശ്രമിക്കുന്നത്. ആ ടെന്‍ഡറിന് വലിയ പബ്ലിസിറ്റി കൊടുത്തു, ഗ്ലോബല്‍ ടെന്‍ഡര്‍ വിളിച്ചു, പ്രധാനപ്പെട്ട പത്രങ്ങളിലെല്ലാം പരസ്യം കൊടുത്തു. അത് കൂടാതെ, മുംബൈയില്‍ വച്ച് ഒരു വലിയ റോഡ് ഷോവരെ നമ്മള്‍ സംഘടിപ്പിച്ചു. അന്ന് പതിനെട്ടു പ്രധാനപ്പെട്ട തുറമുഖ കന്പനികളും,വിദേശ എംബസികളിലെ പ്രതിനിധികളും പങ്കെടുത്തു. കാരണം നമുക്ക് പല ചാന്‍സുകള്‍ നഷ്ടപ്പെട്ടു, പത്തിരുപത്തിരണ്ട് കൊല്ലങ്ങള്‍ നഷ്ട്ടപെട്ടു, അതുകൊണ്ട് നമ്മുടെ ശ്രമങ്ങള്‍ വിഭലമാകാതിരിക്കാന്‍ നമ്മളാല്‍ കഴിയുന്ന വിധം നല്ല പബ്ലിസിറ്റി കൊടുത്തതിന്റെ ഫലമായി ക്വാളിഫൈഡ് ആയ അഞ്ച് കന്പനികള്‍ വന്നു. ഈ ടെന്‍ഡര്‍ വിളിച്ചു, പ്രീബിഡ് ഡിസ്‌കഷന്‍ നടത്തി, അതിനുശേഷം കരട് കരാര്‍ കൊടുത്തു, അത് കഴിഞ്ഞു ടെന്‍ഡര്‍ ഫോം മേടിച്ചത് മൂന്ന് കമ്പനികളാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ കമ്പനിയായ അദാനി, രണ്ടാമത്തെ വലിയ കമ്പനിയായ എസ്സാര്‍ (ESSAR) ലിമിറ്റഡ്, പിന്നെ സ്പാനിഷ് കമ്പനിയായ OHL. പക്ഷേ ഫൈനല്‍ നടപടി ക്രമങ്ങള്‍ നടക്കുന്ന സമയത്തു ഒരു കന്പനി മാത്രമാണ് സന്നദ്ധത പ്രകടിപ്പിച്ചു ടെന്‍ഡറുമായി മടങ്ങി വന്നത്, അതാണ് അദാനി ഗ്രൂപ്പ്.
അദാനിയെ സഹായിക്കാന്‍ വളരെയേറെ കാര്യങ്ങള്‍ നടത്തിയെന്ന രൂപത്തിലാണ് പ്രചാരണം. കരാര്‍ കാലാവധി 40 വര്‍ഷമാക്കിയതിനെ സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. അത് ഏകപക്ഷീയമായി ചെയ്തതല്ല. കേന്ദ്ര ആസൂത്രണ കമ്മീഷന്‍, ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ, മോഡ് ഓഫ് കണ്‍സെഷന്‍ എഗ്രിമെന്റിലെ വ്യവസ്ഥ അനുസരിച്ചാണ് അങ്ങനെ ചെയ്തത്. വിഴിഞ്ഞം പോര്‍ട്ട് നിര്‍മിക്കുന്നതിന്റെ അത്രയും ചെലവ് കൊളച്ചല്‍ പോര്‍ട്ടിന് വരികയില്ല, മാത്രമല്ല, കൊളച്ചല്‍ തുറമുഖ നിര്‍മ്മാണത്തിനുവേണ്ടി ടെന്‍ഡര്‍ പോലും വിളിച്ചു തുടങ്ങിയിട്ടില്ല എന്ന് കൂടി ആലോചിക്കണം. എസ്റ്റിമേറ്റ് എടുത്തിട്ടുമില്ല. കുളച്ചല്‍ തുറമുഖം വരുമോ എന്ന കാര്യം പോലും സംശയത്തിലാണ്. ഈ സാഹചര്യത്തില്‍ എങ്ങനെ വിഴിഞ്ഞത്തെ കുളച്ചലുമായി താരതമ്യപ്പെടുത്തി എന്ന് അറിയില്ല. മോഡല്‍ കണ്‍സെഷന്‍ എഗ്രിമെന്റിലെ വ്യവസ്ഥ, പ്രീ ബിഡ് ഡിസ്‌കഷന്‍ എല്ലാം പരിഗണിക്കുകയും, പ്ലാനിംഗ് കമ്മീഷനിലെ മുന്‍ പ്രിന്‍സിപ്പല്‍ അഡ്വൈസറുടെ (ഇന്‍ഫ്രാസ്ട്രക്ച്ചര്‍) മേല്‍നോട്ടത്തില്‍ ഡ്രാഫ്റ്റ് ചെയ്ത MCAയുടെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 2014ല്‍ ഗോവെര്‍ന്മെന്റ് ഓര്‍ഡര്‍ ഇറക്കി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ VGF അംഗീകാരം ലഭിക്കുവാന്‍, ഈ രേഖകള്‍ ഗവണ്മെന്റ് ഓഫ് ഇന്ത്യക്ക് അയച്ചു.
CAGയുടെ പരാമര്‍ശം വരുമാനത്തിന്റെ കണക്കുകളെ ആസ്പദമാക്കി മാത്രമാണ്, തുറമുഖ നിര്‍മാണത്തിന്റെ ചിലവിന്റെ കാര്യം പരിഗണിച്ചിട്ടില്ല. നിര്‍മ്മാണത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ചെലവ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കും, പക്ഷേ രണ്ടാം ഘട്ടത്തിന്റെ മുഴുവന്‍ ചിലവും അവര്‍ തന്നെ വഹിക്കണം. നാല്‍പ്പത് വര്‍ഷത്തിന്റെ നടത്തിപ്പ് അവര്‍ക്കാണെങ്കില്‍ കൂടിയും, പതിനാറാം വര്‍ഷം മുതല്‍ നമുക്ക് 1% വരുമാനം ലഭിക്കും. പിന്നീട് ഓരോ വര്‍ഷവും ഓരോ ശതമാനം കൂടി, നാല്‍പ്പത് വര്‍ഷമാകുന്‌പോള്‍ നമുക്ക് 25% ലഭിക്കും. അതിനുശേഷം തുറമുഖം പൂര്‍ണ്ണമായും നമ്മുടേതായിട്ട് മാറും. അതുപോലെതന്നെ പോര്‍ട്ട് എസ്റ്റേറ്റിന്റെ ഡെവലൊപ്‌മെന്റ്‌സ്, 30% സ്ഥലം തുറമുഖത്തിന് വേണ്ടി ഉപയോഗിക്കാം. ഏഴ് വര്‍ഷം കഴിഞ്ഞാല്‍ 10% വരുമാനം നമുക്ക് പിന്നീടെന്നും കിട്ടികൊണ്ടേ ഇരിക്കും. അതുപോലെ മല്‍സ്യ ബന്ധന തുറമുഖത്തിന്റെ നടത്തിപ്പ് യാധൊരു കാര്‍ണാവശാലും അദാനി ഗ്രൂപ്പിന്റെ അധീനതയില്‍ ആവുകയില്ല കാരണം എഗ്രിമെന്റില്‍ വളരെ വ്യക്തമായി ഇതിനെ പറ്റി പരാമര്‍ശിക്കുന്നുണ്ട്.
വിഴിഞ്ഞം കരാറിന്റെ നടത്തിപ്പ് ആദ്യം മുതല്‍ അവസാനം വരെ വളരെ സുതാര്യമായിട്ടാണ് ചെയ്തത്. ആദ്യം ചീഫ് സെക്രട്ടറി ചെയര്‍മാനായിട്ട് എംപോവെര്‍ഡ് കമ്മറ്റി ഉണ്ടാക്കി. ആ കമ്മറ്റിയെ പരിപൂര്‍ണ്ണ നിരീക്ഷണത്തിനുള്ള ചുമതല ഏല്‍പ്പിച്ചു. ഈ കമ്മറ്റി ടെന്‍ഡര്‍ പരിശോധിച്ചതിന് ശേഷം ഞാന്‍ അധ്യക്ഷനായ വിഴിഞ്ഞം കന്പനി ബോര്‍ഡിന് റെഫര്‍ ചെയ്തു. പിന്നീട് അത് ക്യാബിനറ്റില്‍ പരിശോധിച്ച്. അതിന് ശേഷം സര്‍വ്വ കക്ഷി യോഗത്തില്‍ അവതരിപ്പിച്ചുതിന് ശേഷമാണ് ക്യാബിനറ്റ് ഫൈനല്‍ അപ്പ്രൂവല്‍ ചെയ്തത്. അപ്രൂവ് ചെയ്ത അതേ ദിവസം വെബ്‌സൈറ്റില്‍ പബ്ലിഷ് ചെയ്തു. ഇതില്‍ കൂടുതല്‍ എങ്ങനെയാണ് ഒരു പ്രൊജക്റ്റ് സുതാര്യമായിട്ട് ചെയ്യുന്നത്?
കുളച്ചലിനു വേണ്ടി തമിഴ്‌നാട് ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ 25 കൊല്ലമായി കേരളത്തിന്റെ പരിശ്രമങ്ങള്‍ അഞ്ചാമതും പരാജയപ്പെട്ടാല്‍ എന്നന്നേയ്ക്കുമായി നമുക്ക് നഷ്ടപ്പെടും എന്നത് കൊണ്ട് പ്രതിബന്ധങ്ങളേയും കോടതി കേസുകളേയും മറികടന്ന് UDF ന്റെ ദൃഢനിശ്ചയത്തോടു കൂടിയുള്ള നീക്കമാണ് വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.
എല്ലാം സുതാര്യമായിട്ടാണ് ചെയ്തത്. ഏറ്റവും സമര്‍ത്ഥരായ ഉദ്യോഗസ്ഥരുടേയും വിഴിഞ്ഞം പ്രദേശത്തെ ജനങ്ങളുടെ എല്ലാ പിന്തുണയും സര്‍ക്കാരിന്റെ ശ്രമങ്ങശക്ക് ശക്തി നല്‍കിയത് നന്ദിയോടെ സ്മരിക്കുന്നു.
നല്ല കാര്യങ്ങള്‍ സുതാര്യമായി ചെയ്യുമ്പോഴും അത് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനും ഉണ്ട്. AG യുടെ കണ്ടെത്തലുകള്‍ ജനങ്ങളില്‍ സംശയം ഉണര്‍ത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഇതിനെ ഗൗരവമായി കാണുന്നു എന്നും, അതെല്ലാം പരിശോധിക്കും എന്നും പറഞ്ഞതിനെ ഞാന്‍ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നു. എത്രയും വേഗത്തില്‍ അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Top