Vizhinjam project : Adani will discuss to Kodiyeri

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ഉദ്ഘാടന ചടങ്ങില്‍ ഒരു ദിവസം ബാക്കി നില്‍ക്കെ നില്‍ക്കുന്ന പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ അദാനി നേരിട്ട് ഇടപെടുന്നു. അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ 11.30ന് തിരുവനന്തപുരത്താണ് കൂടിക്കാഴ്ച.

പദ്ധതിയുടെ നിര്‍മാണോദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അദാനി തന്നെ നേരിട്ട് രംഗത്ത് ഇറങ്ങിയത്. പദ്ധതിയുമായി സഹകരിക്കണമെന്ന് ഗൗതം അദാനി കോടിയേരിയോട് ആവശ്യപ്പെടും. സുതാര്യമായാണ് തങ്ങള്‍ പദ്ധതി നടപ്പാക്കുന്നതെന്ന കാര്യം അദാനി കൂടിക്കാഴ്ചയില്‍ പ്രതിപക്ഷത്തെ അറിയിക്കും. പദ്ധതിയോടുള്ള നിസഹകരണ സമീപനം ഉപേക്ഷിക്കണമെന്നും അദാനി ആവശ്യപ്പെടും.

തുറമുഖ കരാറിന്റെ പേരില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടമാണ് അദാനിയുടെ ലക്ഷ്യമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ഇതേതുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനുമായി അദാനി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. പദ്ധതിയോട് സഹകരിക്കില്ല എന്ന നിലപാടാണ് വി.എസ് അദാനിയെ അറിയിച്ചത്. നിര്‍മാണത്തിനുള്ള കരാര്‍ നേരത്തെ സംസ്ഥാന സര്‍ക്കാരും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റഡ് ലിമിറ്റഡ് കമ്പനിയുമായി ഒപ്പുവച്ചിരുന്നു.

Top