വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി ഉപകരാര്‍; അദാനി പോര്‍ട്‌സ് സി.ഇ.ഒ കരണ്‍ അദാനിക്കെതിരെ കേസ്

അദാനി പോര്‍ട്‌സ് സി.ഇ.ഒ കരണ്‍ അദാനി ഉള്‍പ്പടെ എട്ട് പേര്‍ക്കെതിരെ കേസെടുത്തു. വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി ഉപകരാര്‍ എടുത്ത കമ്പനിയെ കബളിപ്പിച്ചതിനാണ് അദാനിക്കെതിരെ കേസെടുത്തത്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കരണ്‍ അദാനി ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420 വകുപ്പ് അനുസരിച്ച് പ്രതികള്‍ക്ക് എതിരെ കോടതി വഞ്ചനാക്കുറ്റം ചുമത്തി. നേരിട്ട് ഹാജരാകണമെന്ന് കാട്ടി പ്രതികള്‍ക്ക് കോടതി സമന്‍സും അയച്ചു. ഉപകരാറുകാരായ മേഘ ട്രേഡിംഗ് കമ്പനി ഉടമ ഗിരീഷ് പിള്ള നല്‍കിയ സ്വകാര്യ അന്യായം ഫയലില്‍ സ്വീകരിച്ച് ആണ് കോടതി നടപടി.

വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മ്മാണത്തിന് ആവശ്യമായ കരിങ്കല്ല് നല്‍കാന്‍ ആണ് മേഘ ട്രേഡിംഗ് കമ്പനി ഉപകരാര്‍ എടുത്തത്. ഇതിനുള്ള 74 കോടി രൂപ നല്‍കുന്നതില്‍ എതിര്‍ കക്ഷികള്‍ വീഴ്ച വരുത്തി. നല്‍കിയ വിവിധ ബാങ്കുകളുടെ ചെക്കുകള്‍ എല്ലാം മടങ്ങി. ഇതേതുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ എസിജെഎം കോടതിയെ സമീപിച്ചത്. ഹോവ് എഞ്ചിനീയറിംഗ് പ്രോജക്ട് ഇന്ത്യ ലിമിറ്റഡ് ആണ് കേസിലെ ഒന്നാം പ്രതി.

Top