Vizhinjam port; Kadannappally Statement

kadannappally ramachandran

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം തടയണമെന്ന ഹര്‍ജി തള്ളിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിയെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്തു. ട്രൈബ്യൂണല്‍ വിധി സ്വാഗതാര്‍ഹമാണെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വിധിയെ മുന്‍ മന്ത്രി എം.വിജയകുമാറും സ്വാഗതം ചെയ്തു.

തുറമുഖ നിര്‍മാണം തടയണമെന്ന ഹര്‍ജി ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളിയിരുന്നു. എന്നാല്‍ നിര്‍മാണം വഴി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്ന് കോടതി മുന്നറിയിപ്പും നല്‍കി. ഇക്കാര്യം പരിശോധിക്കാന്‍ ഏഴംഗ വിദഗ്ധ സമിതിയെയും കോടതി നിയോഗിച്ചു.

തുറമുഖ വകുപ്പിലെയും തീരദേശപരിപാല വകുപ്പിലെയും വിദഗ്ധരെ ഉള്‍പ്പെടുത്തിയാവും ഏഴംഗ സമിതി രൂപീകരിക്കുക. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആറ് മാസത്തിലൊരിക്കല്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. മത്സ്യതൊഴിലാളികള്‍ക്ക് തുറമുഖ നിര്‍മാണം വഴി ഉപജീവനത്തിന് കോട്ടം സംഭവിക്കാന്‍ പാടില്ലെന്ന് നിരീക്ഷിച്ച കോടതി ഇക്കാര്യവും വിദഗ്ധ സമിതി പരിശോധിക്കട്ടെയെന്നും ഉത്തരവിട്ടു.

ഡിസംബറില്‍ തുടങ്ങിയ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 1,000 ദിവസംകൊണ്ട് ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്നാണ് അദാനി ഗ്രൂപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വാഗ്ദാനം.

Top