വിഴിഞ്ഞം സംഘര്‍ഷം: അറസ്റ്റിലായ നാലു പേരെ വിട്ടയച്ചു; ഒരാള്‍ റിമാന്‍ഡില്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉപരോധക്കേസിൽ ഇന്നലെ അറസ്റ്റിലായ നാലു പേരെ പൊലീസ് വിട്ടയച്ചു. സ്റ്റേഷൻ ജാമ്യത്തിലാണ് ഇവരെ വിട്ടത്. ആദ്യം അറസ്റ്റിലായ സെൽട്ടനെ റിമാൻഡ് ചെയ്തു. തുറമുഖ ഉപരോധവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ചുപേരെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സമരക്കാർ ഇന്നലെ രാത്രി നടത്തിയ പൊലീസ് സ്റ്റേഷൻ ഉപരോധമാണ് അക്രമത്തിൽ കലാശിച്ചത്.

അക്രമത്തിൽ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പൂർണമായി തകർന്നു. സമരക്കാർ പൊലീസിന്റെ 4 ജീപ്പ്, 2 വാൻ, 20 ബൈക്കുകൾ, സ്‌റ്റേഷനിലെ ഓഫിസ് മുറികളിലെ ഫർണിച്ചറുകൾ തുടങ്ങിയവ നശിപ്പിച്ചു. സംഘർഷത്തിൽ 36 പൊലീസുകാർക്ക് പരിക്കേറ്റു. ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണ്. നിരവധി പ്രതിഷേധക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

രണ്ട് കെഎസ്ആർടിസി ബസുകളും അക്രമത്തിൽ തകർത്തു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്തു നിന്നും കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചിട്ടില്ല. പലയിടങ്ങളിലും വള്ളങ്ങൾ കുറുകേ വെച്ച് റോഡുകൾ തടഞ്ഞിരിക്കുകയാണ്. അതേസമയം പ്രദേശത്ത് സംഘർഷാവസ്ഥ നിയന്ത്രണ വിധേയമാണെന്ന് എഡിജിപി എം ആർ അജിത് കുമാർ പറഞ്ഞു. പൊലീസും സഭ പ്രതിനിധികളുമായുള്ള സമാധാന ചർച്ച ഇന്നും തുടരും.

Top