വിഴിഞ്ഞം സംഘർഷം: 3000പേർക്കെതിരെ കേസ്,സംഘം ചേർന്ന് പൊലീസിനെ ബന്ദിയാക്കിയെന്ന് എഫ്ഐആർ

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്നലെ രാത്രി പൊലീസ് സ്റ്റേഷൻ ഉപരോധവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളിൽ കണ്ടാലറിയാവുന്ന മൂവായിരം പേർക്കെതിരെ പൊലീസ് കേസെടുത്തു. ലഹളയുണ്ടാക്കൽ, വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പൊലീസിന്റെ എഫ്‌ഐആറിൽ പറയുന്നു.

കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടന്നത്. സ്ത്രീകളും കുട്ടികളുമടക്കം സമരത്തിൽ പങ്കാളികളായി. സമരക്കാർ ഫോർട്ട് എസിപി അടക്കം പൊലീസുകാരെ ബന്ദികളാക്കി. പ്രതിഷേധക്കാർ പൊലീസുകാരെ ആക്രമിച്ചു. കസ്റ്റഡിയിലുള്ളവരെ വിട്ടില്ലെങ്കിൽ പൊലീസുകാരെ സ്റ്റേഷനിലിട്ട് കത്തിക്കുമെന്ന് സമരക്കാർ ഭീഷണിപ്പെടുത്തിയെന്നും പൊലീസിന്റെ എഫ്‌ഐആറിൽ പറയുന്നു.

സമരക്കാർ ഗൂഢാലോചന നടത്തി പൊലീസ് സ്റ്റേഷൻ ആക്രമിച്ച് നശിപ്പിക്കുക, പൊലീസുകാരെ വധിക്കുക തുടങ്ങിയ പൊതു ഉദ്ദേശത്തോടെ ആക്രമണം അഴിച്ചു വിട്ടതായും എഫ്‌ഐആറിൽ സൂചിപ്പിക്കുന്നു. വിഴിഞ്ഞം എസ്എച്ച്ഒയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പൊലീസ് സ്റ്റേഷൻ ഉപരോധിച്ച സമരക്കാർ നടത്തിയ അക്രമത്തിൽ 36 പൊലീസുകാർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.

തുറമുഖ വിരുദ്ധ സമരക്കാരായ എട്ടുപേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർക്ക് തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. എന്നാൽ ഇവർ ചികിത്സ തേടാനെത്തിയിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. സമരക്കാർ താബൂക്ക് കല്ല് കാലിലിട്ടതിനെത്തുടർന്ന് വിഴിഞ്ഞം സ്റ്റേഷനിലെ പ്രൊബേഷണറി എസ്‌ഐക്ക് രണ്ടു കാലിനും ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് രാവിലെ അടിയന്തിര ശസ്ത്രക്രിയ നടത്തും. പരിക്കേറ്റ പൊലീസുകാർ തിരുവനന്തപുരം മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികളിൽ ചികിത്സയിലാണ്.

Top