വിവോ വി21ഇ 5ജി സ്മാര്‍ട്‌ഫോണിന്റെ വില്‍പ്പന ആരംഭിച്ചു

വിവോ വി21ഇ 5ജി സ്മാര്‍ട്ട്‌ഫോണിന്റെ വില്‍പ്പന ആരംഭിച്ചു. ഇന്നലെയാണ് ഡിവൈസിന്റെ വില്‍പ്പന ആരംഭിച്ചത്. വിവോ ഇ-സ്റ്റോര്‍, റീട്ടെയില്‍ പാര്‍ട്ട്ണര്‍മാര്‍, ഫ്‌ലിപ്പ്കാര്‍ട്ട്, ആമസോണ്‍, പേടിഎം, ടാറ്റക്ലിക്, ബജാജ് ഇഎംഐ സ്റ്റോര്‍ എന്നിവയിലൂടെയാണ് വില്‍പ്പന നടക്കുന്നത്.

വിവോയുടെ എക്‌സ്റ്റെന്‍ഡഡ് റാം സവിശേഷതയാണ് വിവോ വി21ഇ സ്മാര്‍ട്ട്‌ഫോണിനെ ശ്രദ്ധേയമാക്കുന്നത്. ഗെയിമിങ് അടക്കമുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ റാം ബൂസ്റ്റ് നല്‍കുന്ന സംവിധാനമാണ് ഇത്. നിരവധി ഇന്‍-ഗെയിം നിര്‍ദ്ദിഷ്ട പ്രവര്‍ത്തനങ്ങള്‍ ഉള്ള അള്‍ട്ര ഗെയിം മോഡും ഈ ഡിവൈസില്‍ വിവോ നല്‍കിയിട്ടുണ്ട്. 6.44 ഇഞ്ച് ഡിസ്‌പ്ലെ, ആകര്‍ഷകമായ ഡിസൈന്‍, ഡൈമെന്‍സിറ്റി 700 ചിപ്പ്‌സെറ്റ്, രണ്ട് മികച്ച പിന്‍ ക്യാമറകള്‍ തുടങ്ങിയ സവിശേഷതകള്‍ ഡിവൈസില്‍ ഉണ്ട്.

വിവോ വി21ഇ സ്മാര്‍ട്ട്‌ഫോണ്‍ ഒരൊറ്റ റാം, സ്റ്റോറേജ് വേരിയന്റില്‍ മാത്രമാണ് ലഭ്യമാകുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഡിവൈസില്‍ ഉള്ളത്. ഈ സ്മാര്‍ട്ട്‌ഫോണിന് 24,990 രൂപയാണ് വില. സണ്‍സെറ്റ് ജാസ്, ബ്ലാക്ക് പേള്‍ എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും.

വിവോ വി21ഇ 5ജി സ്മാര്‍ട്ട്‌ഫോണില്‍ 6.44 ഇഞ്ച് അമോലെഡ് ഫുള്‍ വ്യൂ ഡിസ്പ്ലേയാണ് ഉളളത്. എഫ്എച്ച്ഡി + (2400×1080 പിക്സല്‍) റെസല്യൂഷനുള്ള ഈ ഡിസ്‌പ്ലെയ്ക്ക് ചുറ്റിലും വളരെ മെലിഞ്ഞ ബെസലാണ് ഉള്ളത്. ഡിസ്‌പ്ലെയില്‍ വാട്ടര്‍ ഡ്രോപ്പ് സെല്‍ഫി ഷൂട്ടറും ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും നല്‍കിയിട്ടുണ്ട്. മീഡിയടെക് ഡൈമെന്‍സിറ്റി 700 ചിപ്സെറ്റാണ് സ്മാര്‍ട്ട്ഫോണിന്റെ കരുത്ത് നല്‍കുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസ് ആന്‍ഡ്രോയിഡ് 11 ബേസ്ഡ് ഫണ്‍ടച്ച് ഒഎസ് 11.1ല്‍ പ്രവര്‍ത്തിക്കുന്നു.

രണ്ട് പിന്‍ ക്യാമറകളാണ് വിവോ വി21ഇ സ്മാര്‍ട്ട്‌ഫോണില്‍ ഉള്ളത്. 64 മെഗാപിക്‌സല്‍ പ്രൈമറി ലെന്‍സ്, 8 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ലെന്‍സ് എന്നിവയാണ് ഈ ക്യാമറകള്‍. ഡിവൈസിന്റെ മുന്‍വശത്ത് സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും നല്‍കിയിട്ടുണ്ട്. ഡിവൈസിലെ ക്യാമറകള്‍ പോര്‍ട്ടെയ്റ്റ്, നൈറ്റ്, സ്ലോ-മോ, ടൈം-ലാപ്‌സ്, എആര്‍ സ്റ്റിക്കറുകള്‍, ഡബിള്‍ എക്സ്പോഷര്‍, ഡ്യുവല്‍ വ്യൂ വീഡിയോ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്നു. 4000 എംഎഎച്ച് ബാറ്ററിയാണ് വിവോ വി21ഇയില്‍ നല്‍കിയിട്ടുള്ളത്. ഈ ബാറ്ററി വേഗത്തില്‍ ചാര്‍ജ് ചെയ്യാനായി 44W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.

Top