മരവിപ്പിച്ച അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന് വിവോ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു

ഡല്‍ഹി: നികുതി വെട്ടിപ്പ് കേസില്‍ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിപ്പിക്കണമെന്ന സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണകമ്പനിയായ വിവോയുടെ ആവശ്യത്തില്‍ നിലപാട് അറിയിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കി. ജൂലൈ 13-ന് മുമ്പ് നിലപാട് അറിയിക്കാനാണ് ഇ.ഡിയോട് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മ നിര്‍ദേശിച്ചു.

ഇ.ഡി മരവിപ്പിച്ച ഒമ്പത് ബാങ്ക് അക്കൗണ്ടുകളിലായി 250 കോടിയോളം രൂപ ഉണ്ടെന്ന് വിവോയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഇന്ത്യയില്‍ 9000-ഓളം ജീവനക്കാരാണ് ഉള്ളത്. ഇവര്‍ക്ക് ശമ്പളം കൊടുക്കാനും കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള പണമാണ് ബാങ്ക് അക്കൗണ്ടുകളില്‍ ഉള്ളതെന്നും അഭിഭാഷകര്‍ കോടതിയില്‍ കോടതിയിൽ പറഞ്ഞു. ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അത് കമ്പനിയെ മോശമായി ബാധിക്കുമെന്നും വിവോ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

എന്നാൽ വിവോയുടെ ആവശ്യം ഇ.ഡി എതിര്‍ത്തു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. നികുതിവെട്ടിക്കാന്‍ ആകെ വിറ്റുവരവിന്റെ പകുതിയോളം തുക കമ്പനി ചൈനയിലേക്ക് അനധികൃതമായി കടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം. ഇത് തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചെന്നും ഇ.ഡി അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി.

Top