ലൂസിഫറിന് നല്‍കിയ അതേ സ്വീകാര്യത പി.എം മോദിയ്ക്കും നല്‍കണം; വിവേക് ഒബ്‌റോയി

മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന് നല്‍കിയ അതേ സ്വീകാര്യത പി.എം.നരേന്ദ്രമോദി എന്ന ചിത്രത്തിനും മലയാളികള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി. പി.എം.നരേന്ദ്രമോദി എന്ന ഹിന്ദി ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് അബുദാബിയിലെത്തിയതായിരുന്നു താരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമാക്കി ഒമുങ് കുമാര്‍ സംവിധാനം ചെയ്ത പിഎം മോദിയില്‍ നരേന്ദ്ര മോദിയായാണ് വിവേക് അഭിനയിച്ചിരിക്കുന്നത്.

‘പി.എം.നരേന്ദ്രമോദി കൊച്ചിയില്‍ ഹൗസ്ഫുള്ളായി പ്രദര്‍ശിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. മോദിയെന്ന വ്യക്തിയെ മനസ്സിലാക്കാന്‍ ഉപകരിക്കുന്ന ചിത്രമാണിത്. ആശയങ്ങളോ തത്ത്വങ്ങളോ മാറ്റിവച്ച് ഒരു ചലച്ചിത്രമെന്ന നിലയില്‍ ചിത്രത്തെ സമീപിക്കണം. കേരളീയര്‍ക്ക് അത് സാധിക്കും. ലൂസിഫറിനെയും ആ ചിത്രത്തിലെ എന്റെ കഥാപാത്രത്തെയും ഏറെ ഇഷ്ടപ്പെട്ടവരാണ് അവര്‍. ഈ ചിത്രത്തെയും അതുപോലെ സ്വീകരിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. പി.എം.നരേന്ദ്രമോദിയില്‍ അഭിനയിക്കാനുള്ള തയാറെടുപ്പില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയെ കുറിച്ചു ആഴത്തില്‍ പഠിക്കുവാന്‍ സാധിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് നരേന്ദ്ര മോദിയെന്ന നേതാവ് ഉയര്‍ന്നുവന്ന വഴികളെ കുറിച്ചറിയുവാനും കഴിഞ്ഞുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ താരം പറഞ്ഞു.

Top