വിവാദ ട്വീറ്റ് : വിവേക് ഒബ്റോയിക്ക് മഹാരാഷ്ട്ര വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു

മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളിനെക്കുറിച്ച് നടന്‍ വിവേക് ഒബ്റോയി ട്വിറ്ററില്‍ പങ്കുവച്ച മീമിനെതിരെ മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു. ബോളിവുഡ് താരം ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മീം ആയിരുന്നു വിവേക് ഒബ്‌റോയി പങ്കുവച്ചത്.

സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതിന് വിവേക് ഒബ്‌റോയിയെ അറസ്റ്റ് ചെയ്യണമെന്ന് എന്‍സിപി വനിതാ വിഭാഗം അധ്യക്ഷ ചിത്ര വാഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സല്‍മാന്‍ ഖാനുമായുള്ള പ്രണയ ബന്ധത്തെ ‘ഒപീനിയന്‍ പോള്‍’ എന്നാണ് മീമില്‍ കുറിച്ചിരിക്കുന്നത്. 2002-ലാണ് ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും തമ്മില്‍ പ്രണയത്തിലാകുന്നത്. പിന്നീട് സല്‍മാനുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം വിവേക് ഒബ്‌റോയിയുമായി ഐശ്വര്യ പ്രണയത്തിലായി.

ഐശ്വര്യയും വിവേക് ഒബ്‌റോയിയും തമ്മിലുണ്ടായിരുന്നു പ്രണയത്തെ ‘എക്‌സിറ്റ് പോള്‍’ എന്നാണ് മീമില്‍ ഉള്ളത്. വിവേകുമായുള്ള പ്രണയ പരാജയത്തിനൊടുവില്‍ ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുകയും ഇരുവരും തമ്മില്‍ വിവാഹിതരാകുകയുമായിരുന്നു. മകള്‍ ആരാധ്യയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഐശ്വര്യ-അഭിഷേക് ദമ്പതികളുടെ ചിത്രത്തില്‍ ‘തെരഞ്ഞെടുപ്പ് ഫലം’ എന്നാണ് കുറിച്ചത്.

അഭിപ്രായ സര്‍വെ, എക്സിറ്റ് പോള്‍, തെരഞ്ഞെടുപ്പ് ഫലം ഇവ മൂന്നും തമ്മിലുള്ള അന്തരത്തെക്കുറിച്ച് പവന്‍ സിംഗ് എന്ന ട്വിറ്റര്‍ യൂസര്‍ പങ്കുവച്ച മീം ആയിരുന്നു വിവേക് പങ്കുവച്ചത്. ഇതില്‍ രാഷ്ട്രീയമില്ലെന്നും ജീവിതമാണെന്നുമുള്ള കുറിപ്പോടെയായിരുന്നു ട്വീറ്റ്. ട്വീറ്റിനെതിരെ രൂക്ഷമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയയിലടക്കം ഇതിനോടകം താരം നേരിട്ടത്.

Top