വിവാദ ട്വീറ്റ് ; തെറ്റ് ചെയ്തിട്ടില്ല, മാപ്പ് പറയാന്‍ തയ്യാറല്ലന്ന് വിവേക് ഒബ്‌റോയ്‌

മുംബൈ : നടി ഐശ്വര്യ റായിയെ അധിക്ഷേപിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ മീം പ്രചരിപ്പിച്ച സംഭവത്തില്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും എന്നാല്‍ താന്‍ തെറ്റ് ചെയ്തതായി തോന്നുന്നില്ലെന്നും നടന്‍വിവേക് ഒബ്‌റോയ്.

എനിക്ക് മാപ്പ് പറയാന്‍ യാതൊരു മടിയുമില്ല, പക്ഷെ ഞാന്‍ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കിത്തരണം. ആരോ ആ മീം ട്വീറ്റ് ചെയ്തു, ഞാന്‍ അത് ആസ്വദിച്ചുവെന്നും വിവേക് ഒബ്‌റോയ് പറഞ്ഞു.

ബോളിവുഡ് ഒരു കാലത്ത് ആഘോഷമാക്കിയ ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മീം ആയിരുന്നു വിവേക് ഒബ്‌റോയി ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നത്. ഇത് വിവാദമായതിന് പിന്നാലെ വനിതാ കമ്മീഷന്‍ വിവേക് ഒബ്‌റോയ്ക്ക് നോട്ടീസ അയച്ചിരുന്നു.

സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതിന് വിവേക് ഒബ്‌റോയിയെ അറസ്റ്റ് ചെയ്യണമെന്ന് എന്‍സിപി വനിതാ വിഭാഗം അധ്യക്ഷ ചിത്ര വാഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സല്‍മാന്‍ ഖാനുമായുള്ള പ്രണയ ബന്ധത്തെ ‘ഒപീനിയന്‍ പോള്‍’ എന്നാണ് മീമില്‍ കുറിച്ചിരിക്കുന്നത്. 2002-ലാണ് ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും തമ്മില്‍ പ്രണയത്തിലാകുന്നത്. പിന്നീട് സല്‍മാനുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം വിവേക് ഒബ്‌റോയിയുമായി ഐശ്വര്യ പ്രണയത്തിലായി.

ഐശ്വര്യയും വിവേക് ഒബ്‌റോയിയും തമ്മിലുണ്ടായിരുന്നു പ്രണയത്തെ ‘എക്‌സിറ്റ് പോള്‍’ എന്നാണ് മീമില്‍ ഉള്ളത്. വിവേകുമായുള്ള പ്രണയ പരാജയത്തിനൊടുവില്‍ ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുകയും ഇരുവരും തമ്മില്‍ വിവാഹിതരാകുകയുമായിരുന്നു. മകള്‍ ആരാധ്യയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഐശ്വര്യ-അഭിഷേക് ദമ്പതികളുടെ ചിത്രത്തില്‍ ‘തെരഞ്ഞെടുപ്പ് ഫലം’ എന്നാണ് കുറിച്ചത്.

അഭിപ്രായ സര്‍വെ, എക്സിറ്റ് പോള്‍, തെരഞ്ഞെടുപ്പ് ഫലം ഇവ മൂന്നും തമ്മിലുള്ള അന്തരത്തെക്കുറിച്ച് പവന്‍ സിംഗ് എന്ന ട്വിറ്റര്‍ യൂസര്‍ പങ്കുവച്ച മീം ആയിരുന്നു വിവേക് പങ്കുവച്ചത്. ഇതില്‍ രാഷ്ട്രീയമില്ലെന്നും ജീവിതമാണെന്നുമുള്ള കുറിപ്പോടെയായിരുന്നു ട്വീറ്റ്. ട്വീറ്റിനെതിരെ രൂക്ഷമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയയിലടക്കം ഇതിനോടകം താരം നേരിട്ടത്.

Top