കശ്മീരികളുടെ രക്ഷകരെന്ന വ്യാജവേഷം കെട്ടുകയാണവര്‍; പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് തരൂര്‍

tharoor

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ കശ്മീരികളുടെ രക്ഷകരെന്ന വ്യാജവേഷം കെട്ടുകയാണെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. അന്താരാഷ്ട്ര വേദിയില്‍ പാക്കിസ്ഥാന്‍ വീണ്ടും ജമ്മു കശ്മീര്‍ വിഷയം ഉന്നയിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു തരൂരിന്റെ പ്രതികരണം. സെര്‍ബിയയില്‍ നടന്ന യു എന്‍ അഫയേഴ്സിന്റെ ഇന്റര്‍പാര്‍ലമെന്ററി യൂണിയന്‍ സ്റ്റാന്‍ഡിങ് കമ്മറ്റി സമ്മേളന വേദിയിലായിരുന്നു പാക്കിസ്ഥാനെതിരെ തരൂര്‍ രംഗത്തെത്തിയത്.

ജമ്മു കശ്മീരിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഡിസംബറില്‍ എ പി എ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാനാകില്ലെന്ന് പാക്കിസ്ഥാന്‍ ഇന്റര്‍ പാര്‍ലമെന്ററി യൂണിയനില്‍ പ്രസ്താവിച്ചിരുന്നു.

‘പാക്കിസ്ഥാന്റേത് അധിക്ഷേപപരമായ ദുരാരോപണം ഉന്നയിക്കലാണ്. ഞങ്ങള്‍ ഞങ്ങളുടെ പോരാട്ടങ്ങള്‍ ജനാധിപത്യരീതിയില്‍ നടത്തിക്കോളാം. അതിര്‍ത്തി കടന്നുള്ള ഇടപെടല്‍ ആവശ്യവുമില്ല, സ്വാഗതം ചെയ്യുന്നുമില്ല’- തരൂര്‍ പറഞ്ഞു.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ നടത്തിയത് പരുഷമായ പൊട്ടിത്തെറിക്കലാണെന്നും ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും തരൂര്‍ പറഞ്ഞു. പാക്കിസ്ഥാന്‍ സംഘത്തിന്റെ പരാമര്‍ശങ്ങള്‍ വേദിയെ ദുരുപയോഗം ചെയ്യലാണെന്നും തരൂര്‍ പറഞ്ഞു.

Top