വിസ്മയയുടെ മരണം ; ഭർത്താവ് കിരൺ മൊഴി രേഖപ്പെടുത്തി

വിസ്മയയുടെ മരണത്തിൽ ഭർത്താവ് കിരൺ മൊഴി രേഖപ്പെടുത്തി.മോട്ടോർ വാഹന വകുപ്പിൽ ഇൻസ്പെക്ടർ ആണ് കിരൺ. വിസ്മയ മരിക്കുന്നതിന് തലേ ദിവസം മർദ്ദിച്ചിട്ടില്ലെന്ന് മൊഴിയിൽ പറയുന്നു. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ വിസ്മയയുമായി വഴക്കുണ്ടായി. ഈ സമയം വീട്ടിൽ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടു. നേരം പുലർന്ന ശേഷമേ വീട്ടിൽ പോകാനാവൂ എന്ന് താൻ പറഞ്ഞുവെന്നും കിരൺ പറഞ്ഞു.

തന്റെ മാതാപിതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. ഇതിന് ശേഷം വിസ്മയ ശുചിമുറിയിൽ കയറി തൂങ്ങുകയായിരുന്നു. 20 മിനിറ്റ് കഴിഞ്ഞും വിസ്മയ ശുചിമുറിയിൽ നിന്ന് പുറത്തുവരാതെ ഇരുന്നപ്പോഴാണ് താൻ ശുചി മുറിയുടെ വാതിൽ ചവിട്ടി തുറന്നത്. വിസ്മയയുടെ ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്ന ചിത്രത്തിലെ മർദ്ദനത്തിന്റെ പാടുകൾ നേരത്തെ ഉണ്ടായതാണ്. വിസ്മയയുടെ വീട്ടുകാർ നൽകിയ കാറിനെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ പേരിലാണ് പല തവണ വഴക്കുണ്ടായതെന്നും കിരൺ പൊലീസിനോട് പറഞ്ഞു.

വിസ്മയയെ മുമ്പ് മർദ്ദിച്ചിട്ടുണ്ടെന്നും കിരൺ പൊലീസിനോട് സമ്മതിച്ചു. കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടോയെന്ന് പരിശോധിക്കുകയാണ് പൊലീസ്. ഗാർഹിക പീഡന നിരോധന നിയമ പ്രകാരമാണ് കിരണിനെതിരെ കേസ് ചുമത്തുക.പോസ്റ്റ് മാർട്ടം റിപ്പോർട്ട് വന്ന ശേഷമേ മറ്റ് വകുപ്പുകൾ ചുമത്തുന്ന കാര്യം പരിഗണിക്കൂ.

Top