വിസ്മയ കേസ്; ആളൂരിനെ വേണ്ടെന്ന് കിരണ്‍കുമാര്‍, ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊല്ലം: വിസ്മയയുടെ മരണത്തില്‍ ജയിലിലായ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. തുടര്‍ന്ന് കൊല്ലം സെഷന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. ഓണ്‍ലൈനായി നടന്ന വാദം കേള്‍ക്കലില്‍ ബി.എ. ആളൂരിനെ അഭിഭാഷകനായി വേണ്ടെന്ന് കിരണ്‍ കുമാര്‍ നിലപാടെടുത്തതാണ് അപ്രതീക്ഷിത രംഗങ്ങള്‍ക്ക് വഴിവെച്ചത്. പ്രതിയുടെ അഭിഭാഷകനായി പ്രതാപചന്ദ്രന്‍ ഹാജരാകുകയും ബി.എ. ആളൂരിനെ അഭിഭാഷക സ്ഥാനത്തു നിന്ന് പ്രതി ഒഴിവാക്കിയതായി കോടതിയെ അറിയിക്കുകയും ചെയ്തു.

ഇതുസംബന്ധിച്ച് ശാസ്താംകോട്ട കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അറിയിച്ച പ്രതിഭാഗം അഭിഭാഷകന്‍ പുതിയ വക്കാലത്ത് സമര്‍പ്പിച്ചു. എന്നാല്‍, ബി.എ. ആളൂരും കിരണിനു വേണ്ടി ഓണ്‍ലൈനില്‍ ഹാജരായി. പ്രതി വേണ്ടെന്ന് പറഞ്ഞാലും താന്‍ പിന്മാറില്ലെന്ന് ആളൂര്‍ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് ജില്ല സെഷന്‍സ് ജഡ്ജി ജയകുമാര്‍ ജാമ്യാപേക്ഷ 31ന് വീണ്ടും പരിഗണിക്കുന്നതിലേക്ക് മാറ്റുകയായിരുന്നു.

 

Top